അരിവാള്‍ കേക്കും ചുവന്ന ലഡുവുമായി ശോഭന ജോര്‍ജ് ചെങ്ങന്നൂരില്‍

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ സന്തോഷിച്ച് ഇടതുമുന്നണി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ നിലവിലെ കണക്കനുസരിച്ച് 11423 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ വലിയ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചിരിക്കുന്നത്. ഇടത് ക്യാമ്പില്‍ സന്തോഷപ്രകടനങ്ങള്‍ ആരംഭിച്ചു.
ചെങ്ങന്നൂരിലെ എല്‍ഡിഎഫ് ആഹ്ലാദപ്രകടനങ്ങളില്‍ എല്ലാവരും ശ്രദ്ധിച്ചത് ശോഭന ജോര്‍ജ്ജിനെ. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ശോഭന ജോര്‍ജ്ജ് ഇടതുപാളയത്തിലേക്ക് എത്തിയത്. സജി ചെറിയാന് വേണ്ടി പ്രചാരണരംഗത്ത് ശോഭന ജോര്‍ജ്ജ് സജീവമായിരുന്നു. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ അരിവാള്‍ ചിഹ്നം പതിച്ച കേക്കും ചുവന്ന ലഡുവുമായി ശോഭന ജോര്‍ജ്ജ് തന്നെ താരമായി. ആഹ്ലാദപ്രകടനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിജയമധുരം പങ്കുവെക്കാന്‍ നേതൃത്വം നല്‍കിയത് ശോഭന ജോര്‍ജ്ജാണ്. സജി ചെറിയാന്‍ വലിയ ഭൂരിപക്ഷത്തില്‍ ചെങ്ങന്നൂരിലെ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെടുമെന്ന് വോട്ടെടുപ്പിന് മുന്‍പേ ശോഭന പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here