ഇരുപത്തഞ്ചുകാരന്റെ ലിംഗ നിര്‍ണയം നടത്താന്‍ ഹൈക്കോടതി ഉത്തരവ്

ഇരുപത്തഞ്ചുകാരന്റെ ലിംഗ പദവി നിർണയം നടത്താൻ ഹൈക്കോടതി ഉത്തരവ്. തന്റെ മകനെ ട്രാൻസ്ജൻഡേഴ്സ് അന്യായമായി തടങ്കലിൽ വച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇടപ്പള്ളി സ്വദേശിനി സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതി വിധി. മകനെ വിട്ടുകിട്ടണമെന്നായിരുന്നു അമ്മയുടെ ആവശ്യം. അതേസമയം താൻ ട്രാൻസ്ജൻഡർ ആണെന്ന് മകനും കോടതിയിൽ പറഞ്ഞു. ഇതോടെയാണ് കോടതി ലിംഗ പദവി നിർണയം നടത്താൻ ഉത്തരവിട്ടത്.
ഡോക്ടര്‍മാരുടെ സംഘം യുവാവിനെ മൂന്ന് ദിവസം നിരീക്ഷണത്തില്‍ വെച്ച് ലിംഗ പദവി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. യുവാവിനെ കോടതി കാക്കനാട്ടുള്ള സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്കയച്ചു.
ഡോക്ടർമാരുടെ പരിശോധന പീഡനമാണെന്നും ഉത്തരവ് പുനപ്പരിശോധിക്കണമെന്നും യുവാവിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഒരാൾ ഭിന്നലിംഗക്കാരനാണെന്ന് അയാൾ പ്രഖ്യാപിച്ചാൽ മതിയെന്നും മറ്റാരുടേയും അഭിപ്രായം കണക്കിലെടുക്കേണ്ടതില്ലെന്നും സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്ന് യുവാവിന്റെ അഭിഭാഷകൻ ചുണ്ടിക്കാട്ടിയെങ്കിലും കോടതി വഴങ്ങിയില്ല.
മകൻ വീടു വിട്ടു പോയെന്നും ഭിന്നലിംഗക്കാർക്കൊപ്പം താമസിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഇടപ്പള്ളി സ്വദേശിയായ മാതാവാണ് ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. മകൻ പുരുഷൻ തന്നെയാണെന്നും മുൻപ് മാനസികാരോഗ്യ ചികിത്സ നൽകിയിട്ടുണ്ടെന്നും മാതാവ് ഹർജിയിൽ ചൂണ്ടിക്കാട്ടി.
കോടതിയിൽ ഹാജരായ യുവാവ് താൻ ട്രാൻസ്ജെൻഡർ ആണെന്നും പേര് അരുന്ധതി എന്നാണെന്നും അറിയിച്ചു. കേസ് കോടതി വ്യാഴാഴ്ച പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here