പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; നിപയില്‍ ആശങ്ക അകലുന്നു

നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട ആശങ്ക അകലുന്നതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ രണ്ട് ദിവസത്തില്‍ നിപ ലക്ഷണങ്ങളോടെ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ഇക്കാര്യം ആരോഗ്യവകുപ്പും സ്ഥിരീകരിച്ചു. നിലവില്‍ 22 പേര്‍ കോഴിക്കോട് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നു. ഇതുവരെ ലഭിച്ച 227 സാമ്പിള്‍ പരിശോധനാഫലങ്ങളില്‍ 18 എണ്ണത്തില്‍ മാത്രമാണ് നിപ സ്ഥിരീകരിച്ചത്. അതില്‍ 16 പേര്‍ മരിച്ചു. ഇതുവരെയും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിപയുമായി ബന്ധപ്പെട്ടുള്ള ആശങ്ക അകലുന്നതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജയും പറഞ്ഞു.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ചെന്നൈ ആസ്ഥാനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡേമോളജിയിലെ വിദഗ്ദസംഘം മന്ത്രി കെ.കെ. ശൈലജയുമായി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. അതിനുശേഷം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തു നടന്ന ഉന്നതതലയോഗത്തിനിടെ വിഡിയോ കോണ്‍ഫറന്‍സിലൂടെ കോഴിക്കോട്, മലപ്പുറം കളക്ടര്‍മാരുമായി മുഖ്യമന്ത്രി സംസാരിച്ചിരുന്നു.
മേയ് 17ന് ശേഷം ആർക്കും രോഗബാധയുണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രോഗബാധ നിയന്ത്രണമായതിന്റെ സൂചനയാണിതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ സർക്കാർ സർവകക്ഷി യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഇന്ന് വൈകിട്ടാണ് യോഗം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here