‘ഇവര്‍ക്കും ജീവിക്കണം’; സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണം നേടി ‘ഞാന്‍ നന്ദന്‍’ ഹ്രസ്വചിത്രം

സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടി ‘ഞാന്‍ നന്ദന്‍’ എന്ന ഹ്രസ്വചിത്രം. സമൂഹത്തില്‍ അവഗണിക്കപ്പെടുന്ന ഭിന്നലിംഗക്കാരുടെ ജീവിതമാണ് പത്ത് മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രത്തിന്റേത്. ആണ്‍, പെണ്‍ വേര്‍തിരിവുകളില്ലാതെ എല്ലാവരും മനുഷ്യന്‍മാരാണെന്ന കാഴ്ചപ്പാടിലേക്ക് സമൂഹത്തെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ് ഈ ഹ്രസ്വചിത്രം.
ഫ്‌ളവേഴ്‌സ് അക്കാദമിയിലെ ആദ്യ ബാച്ച് പുറത്തിറക്കിയ ഹ്രസ്വചിത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ‘ഞാന്‍ നന്ദന്‍’. തിരഞ്ഞെടുത്ത വിഷയത്തിന്റെ സമൂഹികപ്രസക്തിയും ചിത്രത്തിന്റെ അവതരണശൈലിയും ‘ഞാന്‍ നന്ദന്‍’ എന്ന ഹ്രസ്വചിത്രത്തെ വേറിട്ടതാക്കുന്നു. ഫ്‌ളവേഴ്‌സ് അക്കാദമിയിലെ അമല്‍ മാത്യു തോമസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം കൈക്കാര്യം ചെയ്യാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അമല്‍ പ്രതികരിച്ചു. ആണും പെണ്ണുമല്ലാതെ സമൂഹത്തില്‍ വേറെയും ചില ജീവിതങ്ങളുണ്ട്. എന്നാല്‍, അത്തരക്കാരെ സമൂഹം മനുഷ്യന്‍മാരായി പോലും കരുതുന്നില്ല. ഈ സാഹചര്യത്തില്‍ അവരും നമ്മെ പോലെ സാധാരണ മനുഷ്യന്‍മാരാണെന്ന് സമൂഹത്തോട് പറയാനാണ് ‘ഞാന്‍ നന്ദന്‍’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രമിച്ചതെന്ന് അമല്‍ പങ്കുവെച്ചു. ജന്മനാ അവരും മനുഷ്യന്‍മാരാണ്. പക്ഷേ, സമൂഹം അവരെ മാറ്റി നിര്‍ത്തുകയാണ് എപ്പോഴും ചെയ്യുന്നത്. അവര്‍ക്കും ഈ മണ്ണില്‍ ജീവിക്കണം. ഇക്കാര്യം സമൂഹത്തോട് പങ്കുവെക്കാന്‍ ശ്രമിക്കുകയാണ് താനും സുഹൃത്തുക്കളും ചെയ്തതെന്നും അമല്‍ കൂട്ടിച്ചേര്‍ത്തു.
സുഹൃത്തുക്കളായ അബിന്‍ രാജ്, ഡിനു ഡൊമിനിക്ക്, സുധിന്‍ എസ്. കുമാര്‍, ടെസ്‌ലി കുര്യാക്കോസ് എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് അമല്‍ ഞാന്‍ നന്ദന്‍ ഒരുക്കിയിരിക്കുന്നത്. മഹിമ എന്‍.എസ്, തിലക് ആര്‍.ടി. എന്നിവര്‍ ചേര്‍ന്നാണ് ഹ്രസ്വചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. ജയന്‍ കാര്‍ത്തികേയനാണ് ക്യാമറ കൈക്കാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് അനോജ് ഇരിങ്ങാലക്കുട.
ഞാന്‍ നന്ദന്‍ ഹ്രസ്വചിത്രം കാണാം…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here