ദീപാ നിശാന്തിനെതിരെ വധഭീഷണി മുഴക്കിയ ബിജെപി ഐടി സെല്‍ ചുമതലക്കാരന്‍ അറസ്റ്റില്‍

തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ ഫേസ്ബുക്കില്‍ വധഭീഷണി മുഴക്കിയ തിരുവനന്തപുരത്തെ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബിജെപിയുടെ ഐടി സെല്‍ കൈക്കാര്യം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ ബിജു നായരാണ് അറസ്റ്റിലായത്. തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത ബിജുവിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
സംഘപരിവാര്‍ വിരുദ്ധമായ കുറിപ്പ് പങ്കുവച്ചതിനേത്തുടര്‍ന്നാണ് ദീപാ നിശാന്തിന് വധഭീഷണിയുണ്ടായത്. ഇതേക്കുറിച്ച് ബിജുനായര്‍ ഇട്ട ഒരു കുറിപ്പില്‍ രമേശ് കുമാര്‍ നായര്‍ എല്ലാത്തരത്തിലുള്ള മാന്യതയും വിടുന്ന ഒരു കമന്റ് ഇടുകയും തുടര്‍ന്ന് ബിജു നായര്‍ ദീപയുടെ രക്തം വേണമെന്നുമുളള രീതിയില്‍ കമന്റ് ചെയ്യുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ദീപ നിയമനടപടികള്‍ സ്വീകരിക്കുകയായിരുന്നു. വധഭീഷണി, ശല്യപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ബിജുനായര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ബിജു നായര്‍ ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനൊപ്പം നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here