പാലക്കാട് കോച്ച് ഫാക്ടറി ഉടനില്ല

പാലക്കാട് കോച്ച് ഫാക്ടറി ഉടനില്ലെന്ന് കേന്ദ്രം. കേന്ദ്ര റെയിൽ മന്ത്രി പിയൂഷ് ഗോയൽ എംബി രാജേഷ് എംപിക്കയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പാലക്കാട് റെയിൽ കോച്ച് ഫാക്ടറി പദ്ധതിക്ക് 2012-13 റെയിൽവേ ബഡ്ജറ്റിൽ അനുമതി ലഭിച്ചിരുന്നു. എന്നാൽ അത്തരം പദ്ധതികൾ നടപ്പിലാക്കാൻ ഭാവിയിൽ കോച്ചുകൾക്ക് നിശ്ചിത ഡിമാൻഡ് വേണമെന്നും നിലവിലുള്ള പ്രൊഡക്ഷൻ യൂണിറ്റുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നത് വഴി സമീപ ഭാവിയിലേക്കുള്ള മെയിൻ ലൈൻ കോച്ചുകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുമെന്നും കത്തിൽ പറയുന്നു. എന്നാൽ പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യം പിന്നീട് പരിഗണിക്കാമെന്നും കത്തിൽ പറയുന്നു. മാർച്ച് 12 ന് എംബി രാജേഷ് എംപി 377 ആം നിയമപ്രകാരം പാലക്കാട് കോച്ച് ഫാക്ടറി വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
2012 ലാണ് പാലക്കാട്ടെ കഞ്ചിക്കോട്ട് റെയിൽവേ കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടത്. കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് അന്ന് റെയിൽവേ സഹമന്ത്രി രാജൻ ഗൊഹെയ്ൻ പാർലമെന്റിൽ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here