‘ഭൂമിപ്രശ്നങ്ങള്‍ പരിഹരിക്കണം’ ; ഇടുക്കിയില്‍ വീണ്ടും സമരകാഹളം

ഇടുക്കി ജില്ലയിലെ കര്‍ഷക, ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാകുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അതിജീവന പോരാട്ടവേദി രൂപീകരിച്ചാണ് സമരം. സമരസമിതിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ ദേശീയപാത ഉപരോധിക്കുകയാണ്. ‘നിയമങ്ങള്‍ കൊണ്ടു പൊറുതിമുട്ടി, ജീവിക്കാന്‍ അനുവദിക്കണം ‘ എന്നാണ് പ്രതിഷേധക്കാരുടെ മുദ്രാവാക്യം.
കയ്യേറ്റങ്ങള്‍ തടയുന്നതിന് നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ഇടുക്കി ജില്ലയില്‍ പലയിടത്തും നിര്‍മ്മാണ നിയന്ത്രണങ്ങള്‍ വന്നിരുന്നു. പ്രത്യേക മേഖലകളില്‍ മരംമുറിക്കുന്നതിനും മറ്റുമുള്ള വിലക്ക് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംയുക്തസമരം നടക്കുന്നത്
ജില്ലയിലെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്, ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി എ ഏലിയാസ് എന്നിവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. നൂറു കണക്കിനാളുകളാണ് ഉപരോധ സമരത്തില്‍ പങ്കെടുക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here