പാസ്‌പോര്‍ട്ട് പുതുക്കി നല്‍കണമെങ്കില്‍ മതം മാറണം; മിശ്ര വിവാഹ ദമ്പതികളോട് സേവാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍

പാസ്‌പോര്‍ട്ട് പുതുക്കാന്‍ സേവാ കേന്ദ്രത്തിലെത്തിയ മിശ്ര വിവാഹ ദമ്പതികളോട് മതം മാറണമെന്ന് ഉദ്യോഗസ്ഥന്‍. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവിലാണ് സംഭവം. പാസ്‌പോര്‍ട്ട് പുതുക്കാന്‍ എത്തിയ മിശ്രവിവാഹ ദമ്പതികളായ മുഹമ്മദ് അനസ് സിദ്ധിഖി, ഭാര്യ തന്‍വി സേഥ് എന്നിവരോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ വികാസ് മിശ്രയാണ് ഈ നിലപാട് സ്വീകരിച്ചത്. മുസ്ലീമായ അനസിന്റെ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കണമെങ്കില്‍ അയാള്‍ ഹിന്ദുമതം സ്വീകരിക്കണമെന്ന് സേവാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ വികാസ് മിശ്ര പറഞ്ഞതായി ദമ്പതികള്‍ പരാതിപ്പെട്ടു.
ജൂൺ പത്തൊൻപതിനാണ് അനസും തൻവിയും പാസ്പോർട്ടിനായി അപേക്ഷിച്ചത്. ഇതനുസരിച്ചു ബുധാനാഴ്ച പാസ്പോർട്ട് സേവകേന്ദ്രത്തിൽ എത്താൻ നിർദേശം ലഭിക്കുകയായിരുന്നു. എന്നാൽ ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്തെങ്കിൽ മാത്രമെ അനസിന്റെ പാസ്പോർട്ട് പുതുക്കാൻ സാധിക്കുകയുള്ളുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞുവെന്നു ദമ്പതികൾ പറഞ്ഞു. ഇതു ചൂണ്ടിക്കാണിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനു ട്വീറ്റ് ചെയ്തെങ്കിലും മറുപടി ഉണ്ടായില്ലായെന്നും അവർ പറഞ്ഞു. എന്നാൽ അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫിസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here