കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയം; കേന്ദ്രം രാഷ്ട്രീയം കളിയ്ക്കുന്നു എന്ന് മുഖ്യമന്ത്രി

കഞ്ചിക്കോട് കോച്ച് ഫാക്ടറി മരവിപ്പിച്ച നടപടിക്കെതിരെ ഡൽഹി റെയിൽഭവന് മുൻപിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇടത് എംപിമാരുടെ പ്രതിഷേധം. വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഒരു സംസ്ഥാനത്തോട് ബിജെപിയും കേന്ദ്രസർക്കാരും ശത്രുതാപരമായ സമീപനം സ്വീകരിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം ബി രാജേഷ് എം പിയുടെ നേതൃത്വത്തിലാണ് റെയിൽഭവന് മുൻപിൽ പ്രതിഷേധം സമരം സംഘടിപ്പിച്ചത്. കേരളത്തോട് നീതി കാണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകൾ ഉയർത്തിപ്പിടിച്ച്‌കൊണ്ടായിരുന്നു പ്രതിഷേധം. മുൻപ് യുപിഎ സർക്കാർ സ്വീകരിച്ച അതേ നിലപാടാണ് എൻഡിഎയും സ്വീകരിക്കുന്നതെന്ന് പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ചരിത്രത്തിൽ ആദ്യമായിരിക്കും ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്കും എം പിമാർക്കും റെയിൽഭവന് മുന്നിൽ പ്രതിഷേധിക്കേണ്ടി ഗതികേട് വന്നിട്ടുള്ളതെന്ന് എം ബി രാജേഷ് എം പി യും പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here