പുതുചരിത്രമെഴുതിയ പെണ്‍കരങ്ങള്‍; സൗദിയില്‍ ഡ്രൈവിംഗ് ലൈസന്‍സിനായി വനിതാ അപേക്ഷകരുടെ തിരക്ക്

സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിച്ചതിനു പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സിനായി വനിതാ അപേക്ഷകരുടെ വന്‍ തിരക്ക്. ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കാന്‍ ഒരുപാട് സ്ത്രീകള്‍ രംഗത്തുവന്നതായി സൗദിയിലെ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ ഒരുലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് ഡ്രൈവിംഗ് ലൈസിന്‍സിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നതെന്ന് സൗദി ആഭ്യന്തരമന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു.
ട്രാഫിക്ക് വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജറല്‍ മുഹമ്മദ് അല്‍ ബസ്സാമിയോടൊപ്പം സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്‍സൂര്‍ അല്‍ തുര്‍ക്കി ഇക്കാരൃം അറിയിച്ചത്. അടുത്ത ആഴ്ചകളില്‍ നാല്‍പത് വനിതാ ട്രാഫിക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ റോഡുകളിലെ നിരീക്ഷണ ചുമതല ഏറ്റെടുക്കുമെന്നും മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു.
വനിതകള്‍ക്ക് ഡ്രൈവിംഗില്‍ പരിശീലനം നല്‍കാനായി സൗദിയിലെ പ്രധാനപ്പെട്ട അഞ്ച് പട്ടണങ്ങളില്‍ ആറ് ഡ്രൈവിംഗ് സ്‌ക്കൂളുകളാണുള്ളത്. ഒമ്പത് പ്രവിശൃകളില്‍ ഇപ്പോഴും വനിതാ ഡ്രൈവിംഗ് സ്‌ക്കൂളുകള്‍ ഒരുക്കാനായിട്ടില്ല. ഉന്നത നിലവാരമുള്ള ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളാണ് നിലവിലുള്ളവയൊക്കെയും. വിദേശ വീട്ടുവേലക്കാരികള്‍ക്കു വാഹനമോടിക്കുന്നതില്‍ വിലക്കില്ല. പക്ഷേ, അവരുടെ വിസയുടെ ചില സാങ്കേതിക പ്രശ്‌നം അവശേഷിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here