“നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയുടെയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നില്ല”; ദിലീപ് അമ്മയ്ക്ക് കത്തയച്ചു
കേരളത്തിലെ പ്രേക്ഷകര്‍ക്കും ജനങ്ങള്‍ക്കും മുന്നില്‍ തന്റെ നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടന് ദിലീപ്. താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയ്ക്ക് ദിലീപ് അയച്ച കത്തിന്റെ പൂര്‍ണ്ണരൂപം പുറത്തായി. ദിലീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കത്തിന്റെ പൂര്‍ണരൂപം പങ്കുവെച്ചിരിക്കുന്നത്.
തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടി നിലനില്‍ക്കുന്നതല്ലെന്ന് തീരുമാനിച്ച വിവരം മാധ്യമങ്ങളിലൂടെ അറിയാന്‍ ഇടയായെന്നും അതില്‍ അമ്മയുടെ ഭാരവാഹികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും ദിലീപ് കത്തില്‍ പറയുന്നു. മലയാള സിനിമയിലെ ഒട്ടേറെ അഭിനേതാക്കള്‍ക്ക് ആശ്രയമായി നില്ക്കുന്ന അമ്മ എന്ന സംഘടനയെ തന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നതില്‍ സങ്കടമുണ്ടെന്നും ദിലീപ് കത്തില്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ ചില താരങ്ങളും സംവിധായകരും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അമ്മയില്‍ നിന്ന് നാല് നടിമാര്‍ രാജിവക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സംഘടനയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ച് ദിലീപ് അമ്മയ്ക്ക് കത്തയച്ചിരിക്കുന്നത്.
ദിലീപ് അമ്മയ്ക്കയച്ച കത്തിന്റെ പൂര്‍ണ്ണരൂപം:
ജനറൽ സെക്രട്ടറി അമ്മ
തിരുവനന്തപുരം
സർ,
കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറൽ ബോഡിയിൽ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാൻ എനിക്കു നോട്ടീസ് നൽകാതെയും,എന്റെ വിശദീകരണം കേൾക്കാതെയും എടുത്ത അവയ്ലബിൾ എക്സിക്യൂട്ടീവിന്റെ മുൻ തീരുമാനം നിലനിൽക്കുന്നതല്ല എന്ന് തീരുമാനിച്ചവിവരം മാധ്യമങ്ങളിലൂടെ അറിയാൻ ഇടയായി അതിൽ അമ്മ ഭാരവാഹികൾക്കും,സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നു.
എന്നാൽ ഞാൻ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയിൽ പെടുത്തപ്പെട്ടിരിക്കുന്നതിനാൽ ഈ കേസിൽ കേരളത്തിലെ പ്രേക്ഷകർക്കും,ജനങ്ങൾക്കും മുന്നിൽ എന്റെ നിരപരാധിത്വം തെളിയിക്കുo വരെ
ഒരുസംഘടനയുടേയും പ്രവർത്തനങ്ങളിൽ സജീവമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല
‘ഫിയോക്ക്’ എന്ന സംഘടനക്ക് ഇതേ സാഹചര്യത്തിൽ എഴുതിയ കത്തിൽ മുമ്പു് ഇത് ഞാൻ സൂചിപ്പിച്ചിരുന്നതാണ്. മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കൾക്ക് ആശ്രയമായി നിൽക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു
അമ്മയുടെ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നുകൊണ്ട്
ദിലീപ്
28/06/18
ആലുവ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here