കെആര്‍ ഗൗരിയമ്മയ്ക്ക് നൂറിന്റെ ചെറുപ്പം

നൂറിന്റെ ചെറുപ്പമായിരിക്കുന്നു കെ ആര്‍ ഗൗരിയമ്മയ്ക്ക് . ആലപ്പുഴയില്‍ ഇക്കുറി വിപുലമായ പിറന്നാള്‍ ആഘോഷങ്ങളാണ് സുഹൃത്തുക്കള്‍ ഒരുക്കിയത്. ആശംസകള്‍ അറിയിക്കാന്‍ എത്തിയവര്‍ക്കെല്ലാം ഗൗരിയമ്മ തന്നെ കേക്കു മുറിച്ചു നല്‍കി. പഴയ ശീലങ്ങള്‍ പലതിനും മാറ്റമില്ല. മത്തിക്കറി മുതല്‍ കോഴിക്കോടൻ ഹല്‍വ വരെ ഇപ്പോഴും പ്രിയം. പലകാര്യങ്ങളിലും പഴയ പിടിവാശി അതേപടി തുടരുന്നു. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച അല്‍പ്പം പോലും കുറഞ്ഞിട്ടില്ല. സംസാരിച്ചു തുടങ്ങിയാല്‍ പലപ്പോഴും അവസാനിപ്പിക്കുന്നത് സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍.
ആലപ്പുഴ ജില്ലയിലെ പട്ടണക്കാടാണ് ജനനം. കെ എ രാമന്റെയും പാര്‍വതി അമ്മയുടെയും മക്കളില്‍ ഏഴാമത്തെയാള്‍. തുറവൂരിലും ചേര്‍ത്തലയിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളെജില്‍ നിന്ന് ഡിഗ്രി നേടി. എറണാകുളം ലോ കോളെജില്‍ നിന്ന് നിയമബിരുദവും സ്വന്തമാക്കി. രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചത് സഹോദരന്‍ സുകുമാരനാണ്. പതിനേഴാം വയസ്സില്‍ കമ്യൂണിസ്റ്റുപാര്‍ട്ടി അംഗമായി.
സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സ്ത്രീകള്‍ ചുവടുവച്ചു തുടങ്ങിയ കാലത്ത് ഗൗരി സ്ത്രീമുന്നേറ്റങ്ങളുടെ ചാലകശക്തിയായി.
1952 ലും 1954 ലും തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ (1957) നിയമസഭയില്‍ എത്തി. ഇഎംഎസ് മന്ത്രിസഭയില്‍ റവന്യൂമന്ത്രിയായി. ഭൂപരിഷ്‌ക്കരണം സംബന്ധിച്ച നിര്‍ണായക നിയമനിര്‍മ്മാണത്തിന് തുടക്കമിട്ടത് ഗൗരിയമ്മയാണ്.
കുടിയൊഴിപ്പിക്കല്‍ നിരോധന ബില്‍ പാസാക്കിയതും കാര്‍ഷികബന്ധ നിയമം പാസാക്കിയതും ഗൗരി മന്ത്രിയായിരുന്ന കാലത്തു തന്നെ. പോരാട്ടങ്ങളില്‍ ഒപ്പം നടന്ന ടി വി തോമസിനെ ജീവിതത്തിലും ഒപ്പംകൂട്ടി. 1960, 1967, 1970, 1982,1987, 1991,2001 വര്‍ഷങ്ങളിലും നിയമസഭാംഗം, മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
സിപിഐഎമ്മില്‍ നിന്ന് പുറത്തായപ്പോള്‍ ജനാധിപത്യ സംരക്ഷണ സമിതി ( ജെഎസ്എസ്) രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനം.
ചുവപ്പിനോടാണ് ഗൗരിയ്ക്ക് ഇപ്പോള്‍ കൂടുതല്‍ പ്രിയം. ഒരുപാട് സാമൂഹിക,രാഷ്ട്രീയ മുന്നേറ്റങ്ങളിലേക്ക് കേരളത്തെ കൈപിടിച്ച ഗൗരിയമ്മ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠപുസ്തകമാണ് ; എന്നും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here