കടകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതിക്ക് അംഗീകാരം

കടകളിലും ഹോട്ടല്‍, റസ്റ്റോറന്റ് ഉള്‍പ്പെടെയുളള സ്ഥാപനങ്ങളിലും ജോലിക്ക് നിയോഗിക്കപ്പെടുന്ന സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് തടയാന്‍ 1960 ലെ കേരള കടകളും സ്ഥാപനങ്ങളും ആക്ടില്‍ ഭേദഗതി വരുത്തുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. ഇത് സംബന്ധിച്ച ബില്ലിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി. സെക്യൂരിറ്റി ഏജന്‍സികള്‍ വഴി ജോലിക്ക് നിയോഗിക്കപ്പെടുന്ന താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനും തീരുമാനിച്ചു. ഇതിനുവേണ്ടി തൊഴിലാളി എന്ന പദത്തിന്റെ നിര്‍വ്വചനം വിപുലപ്പെടുത്തും. തൊഴില്‍ സ്ഥലത്ത് ഇരിപ്പിടം ലഭ്യമാകുന്നില്ലെന്ന് തൊഴിലാളികളില്‍ നിന്നും സംഘടനകളില്‍ നിന്നും സാമൂഹ്യപ്രവര്‍ത്തകരില്‍നിന്നും ലഭിച്ച പരാതി പരിഗണിച്ച് ഇരിപ്പിടം നല്‍കുന്നതിനുളള വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്താനും നിശ്ചയിച്ചു. രാത്രി ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥകളും ബില്ലിലുണ്ട്. രാത്രി ഒന്‍പത് മണിക്ക് ശേഷവും രാവിലെ ആറ് മണിക്ക് മുമ്പുമുളള സമയങ്ങളിലും സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here