‘ഇമ്മിണി വല്ല്യ’ ബഷീര്‍ പറഞ്ഞ കഥകള്‍

1937-ല്‍ ജോലി തേടി ഒരു ഇരുപത്തൊമ്പതു വയസ്സുകാരന്‍ ‘ജയകേസരി’ പത്രത്തിന്റെ ഓഫീസില്‍ എത്തി .അവിടെ ജോലിയൊന്നുമില്ലെന്ന് അറിയിച്ച പത്രാധിപര്‍ ഒരുകാര്യം കൂട്ടിച്ചേര്‍ത്തു. പത്രത്തിനായി ഒരു കഥ എഴുതി തന്നാല്‍ പ്രതിഫലം നല്‍കാമെന്ന്. 1937-ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യകഥ, ‘എന്റെ തങ്കം’ പുറത്തുവരുന്നത് അങ്ങനെയാണ്. 1937 മുതല്‍ 1941 വരെ ‘ജയകേസരി’യിലും ‘നവജീവനി’ലുമായി ബഷീര്‍ തുടര്‍ച്ചയായി കഥകളെഴുതി. ജീവിതാനുഭവങ്ങള്‍ ഏറെയുണ്ടായിരുന്ന ബഷീര്‍ വളരെവേഗമാണ് ‘കഥകളുടെ സുല്‍ത്താനാ’യി മാറിയത്.
ബഷീര്‍ നടന്ന വഴികള്‍
1908 ജനുവരി 19-നാണ് വൈക്കത്തിനടുത്ത് തലയോലപ്പറമ്പില്‍ ജനനം. പിതാവിന് തടിക്കച്ചവടമായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി. 1924 ല്‍ ഗാന്ധിജി വൈക്കത്ത് എത്തിയപ്പോള്‍ ഗാന്ധിജിയെ കാണുക മാത്രമല്ല, കൈയില്‍ തൊടുകയും ചെയ്തു. സ്വാതന്ത്ര്യസമര രംഗത്തേക്കുള്ള ബഷീറിന്റെ ചുവടുവയ്പ്പായിരുന്നു അത്.
കൊച്ചിയില്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ വേണ്ടത്ര ശക്തിയാര്‍ജ്ജിക്കാത്തതിനാല്‍ മലബാറിലേക്ക് പോയി. ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുക്കാനെത്തിയ ബഷീറിനെ അറസ്റ്റുചെയ്ത് കണ്ണൂര്‍ ജയിലിലടച്ചു. 1931-ല്‍ ജയില്‍ മോചിതനായി. പുറത്തിറങ്ങിയതിനു ശേഷം ‘ഉജ്ജീവനം’ എന്ന പേരില്‍ ബ്രിട്ടീഷ് വിരുദ്ധ മാസിക പുറത്തിറക്കി. അറസ്റ്റുവാറണ്ട് വന്നതോടെ നാടുവിട്ടു. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കു വരെ ബഷീറിന്റെ സഞ്ചാരം നീണ്ടു. ഏഴുവര്‍ഷത്തെ യാത്രകള്‍. പാചകക്കാരന്‍, വാച്ച്മാന്‍, ഹോട്ടല്‍ മാനേജര്‍, ആട്ടിടയന്‍, പഴക്കച്ചവടക്കാരന്‍, പത്രവിതരണക്കാരന്‍ എന്നിങ്ങനെ ചെയ്യാത്ത ജോലികളില്ല. നിറയെ ജീവിതാനുഭവങ്ങളുമായിട്ടാണ് 1930-കളുടെ മധ്യത്തില്‍ ബഷീര്‍ കേരളത്തില്‍ തിരിച്ചെത്തുന്നത്.
ബഷീറിന്റെ എഴുത്തുകള്‍
1940- കളുടെ തുടക്കത്തില്‍ തന്നെ ബഷീര്‍ അറിയപ്പെടുന്ന എഴുത്തുകാരനായി മാറിയിരുന്നു. ‘ബാല്യകാലസഖി’ പുറത്തിറങ്ങിയതോടെ മലയാള സാഹിത്യരംഗത്ത് ‘ ബഷീറിയന്‍ സ്റ്റൈല്‍’ ചര്‍ച്ചയായി. എഴുത്തുഭാഷയുടെ അതുവരെയുണ്ടായിരുന്ന വഴക്കങ്ങള്‍ മാറി. ജനസാമാന്യത്തിന്റെ സംസാരഭാഷ എഴുത്തിന്റെ സൗന്ദര്യമായി മാറുന്നത് മലയാളി പലവട്ടം വായിച്ചറിഞ്ഞു. മാനവിതയുടെ ആഘോഷമായിരുന്നു ബഷീറിന്റെ എഴുത്തുകള്‍. നിറഞ്ഞ ഹാസ്യവും കലര്‍പ്പില്ലാത്ത സ്‌നേഹവും ബഷീര്‍കൃതികളെ സ്ഥിരപ്രതിഷ്ഠമാക്കി.
പ്രധാന കൃതികള്‍ : ജന്‍മദിനം, ഓര്‍മ്മക്കുറിപ്പ്, വിഡ്ഢികളുടെ സ്വര്‍ഗ്ഗം, പാവപ്പെട്ടവരുടെ വേശ്യ, വിശ്വവിഖ്യാതമായ മൂക്ക്, വിശപ്പ്, ആനപ്പൂട,ഭൂമിയുടെ അവകാശികള്‍, പ്രേമലേഖനം, ബാല്യകാലസഖി, ശബ്ദങ്ങള്‍, മുച്ചീട്ടുകളിക്കാരന്റെ മകള്‍, സ്ഥലത്തെ പ്രധാന ദിവ്യന്‍, ആനവാരിയും പൊന്‍കുരിശും, പാത്തുമ്മയുടെ ആട്,മതിലുകള്‍,മാന്ത്രികപ്പൂച്ച
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here