നിലയ്ക്കാതെ മഴ; അഞ്ച് ജില്ലകള്‍ക്ക് അവധി

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലും ആലപ്പുഴയിലെ മൂന്ന് താലൂക്കുകളിലും ഇന്ന് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മലയോര മേഖലയില്‍ താമസിക്കുന്നവര്‍ക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണ്ണിടിച്ചില്‍ മേഖലയില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കുകയാണ്. വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.
മലങ്കര അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ കരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചിട്ടുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പ് ഇവയാണ്.
1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
2. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
3. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
4. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
5. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു
6. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു
10മുതല്‍ 13-7-2018 വരെ അതിശക്തമായ മഴ ലഭിക്കും എന്ന അറിയിപ്പിന്‍റെ വെളിച്ചത്തില്‍, ഈ മുന്നറിയിപ്പ് ശ്രദ്ധയോടെ കണക്കാക്കണം. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here