താജ്മഹല്‍ സംരക്ഷണം; പൊട്ടിത്തെറിച്ച് സുപ്രീം കോടതി

ലോകാത്ഭുതമായ താജ്മഹലിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും അവഗണനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. താജ്മഹല്‍ ഒന്നുകില്‍ സംരക്ഷിക്കണം, അല്ലെങ്കില്‍ പൊളിച്ചുനീക്കുകയോ അടച്ചിടുകയോ ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. താജ്മഹലില്‍ സമയബന്ധിതമായി അറ്റകുറ്റപ്പണി നിര്‍വഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.
താജ്മഹലിനെ മലിനപ്പെടുത്തുന്ന കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു. താജ്മഹലിനെ എങ്ങനെ സംരക്ഷിക്കാമെന്ന് നിര്‍ദേശിക്കണമെന്നും കമ്മിറ്റിയോട് കോടതി ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ ജൂലൈ 31 മുതല്‍ കോടതി തുടര്‍ച്ചയായി വാദം കേള്‍ക്കും. ഈഫല്‍ ടവറിനെക്കാള്‍ മനോഹരമാണ് താജ്മഹല്‍ എന്നും കോടതി നിരീക്ഷിച്ചു. മികച്ച രീതിയില്‍ പരിപാലിച്ചാല്‍ വിദേശ നാണ്യം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് സാധിക്കുമെന്നും കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഉദാസീന മനോഭാവത്തെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here