സംസ്ഥാനത്ത് എട്ട് കോടിയുടെ നാശനഷ്ടം; എറണാകുളം ജില്ലയില്‍ 16 ദുരിതാശ്വാസ ക്യാമ്പുകള്‍

കഴിഞ്ഞ ദിവസങ്ങളിലായുള്ള കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഇതുവരെ എട്ട് കോടിയുടെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി സ്ഥിരീകരണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് റവന്യു മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചത്. മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തൊട്ടാകെ 2500 ലേറെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് ആറ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാല് പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുന്നു.
എറണാകുളം ജില്ലയിലടക്കം റോഡ് ഗതാഗതം സ്തംഭിച്ചു. കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. എം.ജി. റോഡ്, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ എന്നിവടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി.
എറണാകുളം ജില്ലയില്‍ ആകെ 16 ക്യാമ്പുകളിലായി 755 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ക്യാമ്പില്‍ കഴിയുന്നവരുടെ എണ്ണം – 2639. കൊച്ചി താലൂക്കില്‍ 559 കുടുംബങ്ങളിലെ 2075 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. മൂവാറ്റുപുഴയില്‍ 46 കുടുംബങ്ങളിലെ 147 പേരും കോതമംഗലത്ത് 35 കുടുംബങ്ങളിലെ 131 പേരും ക്യാമ്പുകളില്‍ കഴിയുന്നു. കണയന്നൂര്‍ താലൂക്കില്‍ 115 കുടുംബങ്ങളില്‍ നിന്നായി 286 പേരും ക്യാമ്പിലുണ്ട്.
മൂവാറ്റുപുഴയില്‍ ടൗണ്‍ യു.പി സ്കൂള്‍, തിരുമാറാടിയില്‍ എന്‍.എസ്.എസ് ഓഡിറ്റോറിയം, കടാതിയില്‍ എന്‍.എസ്.എസ് ഓഡിറ്റോറിയം, തൃക്കാരിയൂരില്‍ ഗവ. എല്‍.പി.എസ്, കടവൂരില്‍ പ്രാഥമികാരോഗ്യകേന്ദ്രം, കോതമംഗലത്ത് ടൗണ്‍ യു.പി സ്കൂള്‍, എറണാകുളത്ത് സിസിപിഎല്‍എം ആംഗ്ലോ ഇന്ത്യന്‍ സ്കൂള്‍, കടവന്ത്ര കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍. മൂവാറ്റുപുഴയില്‍ ഏഴ് ക്യാമ്പുകളിലായി 59 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
ചെല്ലാനത്ത് സെന്‍റ് മേരീസ് എല്‍.പി സ്കൂള്‍, സെന്‍റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, വൈപ്പിനില്‍ എളങ്കുന്നപ്പുഴ സെന്‍റ് പീറ്റേഴ്സ് എല്‍.പി സ്കൂള്‍, മട്ടാഞ്ചേരി പനയപ്പള്ളി സര്‍ക്കാര്‍ സ്കൂള്‍, പള്ളുരുത്തിയില്‍ കോര്‍പ്പറേഷന്‍ ടൗണ്‍ഹാള്‍, പുതുവൈപ്പില്‍ ഗവ. യു.പി സ്കൂള്‍ എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ചെല്ലാനത്ത് രണ്ട് ക്യാമ്പുകള്‍ തുറന്നു. 319 കുടുംബങ്ങളിലെ 1800 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വാഴക്കാല വില്ലേജിൽ സെന്റ് മേരീസ് – തുതിയൂർ സ്‌കൂളില്‍ ക്യാമ്പ് തുടങ്ങി.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 23 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി. പിറവത്താണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് (22 സെന്റിമീറ്റര്‍). മൂന്നാറില്‍ 20 ഉം, പീരുമേട്ടില്‍ 19 സെന്റിമീറ്ററും മഴ രേഖപ്പെടുത്തി. മുല്ലപ്പെരിയാറില്‍ ജലനിപ്പ് ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here