ജയിംസ് മാത്യു എംഎല്‍എക്കെതിരായ ആത്മഹത്യാ പ്രേരണ കേസ് ഹൈക്കോടതി റദ്ദാക്കി

തളിപ്പറമ്പ് എം.എല്‍.എ ജയിംസ് മാത്യുവിനെതിരായ ആത്മഹത്യാ പ്രേരണാ കേസ് ഹൈക്കോടതി റദ്ദാക്കി. ആത്മഹത്യ ചെയ്ത അധ്യാപകന്റെ കത്തിലുള്ളത് ആരോപണം മാത്രമാണെന്നും തെളിവില്ലെന്നും വിലയിരുത്തിയാണ് കോടതിയുടെ നടപടി. ജയിംസ് മാത്യു ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന് കത്തെഴുതിയ ശേഷം തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിലെ പ്രധാന അധ്യാപകൻ ശശിധരൻ ജീവനൊടുക്കിയതാണ് കേസിന് കാരണമായത്. കത്തിന്റെ അടിസ്ഥാനത്തിൽ ജയിംസ് മാത്യുവിനും സ്കൂളിലെ മറ്റൊരധ്യാപകനായ എം.വി ഷാജിക്കും എതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്.
ടാഗോർ സ്കൂളിൽ വിദ്യാർത്ഥി പ്രവേശനത്തിന് പരീക്ഷ നടത്തുന്നുണ്ടന്ന് ജയിംസ് മാത്യു നിയമസഭയിൽ സബ്മിഷന്‍ ഉന്നയിച്ചെന്ന് ശശിധരൻ സ്റ്റാഫ് മീറ്റിംഗിൽ ആരോപണം ഉന്നയിച്ചതാണ് സംഭവത്തിന്റെ തുടക്കം. ഇങ്ങനെയൊരു കാര്യം ഉണ്ടായിട്ടില്ലന്ന് അധ്യാപകനായ ഷാജി അപ്പോൾ തന്നെ മീറ്റിംഗിൽ പറഞ്ഞു. ശശിധരൻ ആരോപണം ഉന്നയിച്ച വിവരം ജയിംസ് മാത്യുവിനെ ഷാജി അറിയിച്ചെന്നും ജയിംസ് മാത്യു ശശിധരനെ ഫോണിൽ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ആരോപണം.
തന്റെ മരണത്തിന് ഉത്തരവാദികൾ ജയിംസ് മാത്യുവും ഷാജിയുമാണെന്ന് കത്തെഴുതി വച്ച ശേഷമാണ് ശശിധരൻ ആത്മഹത്യ ചെയ്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ജയിംസ് മാത്യുവും ഷാജിയും കോടതിയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here