നടിയെ ആക്രമിച്ച കേസ്: സര്‍ക്കാര്‍ നിലപാട് രേഖാമൂലം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ വനിതാ ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക കോടതി ആവാമെന്ന സർക്കാർ നിലപാട് രേഖാമൂലം ഹൈക്കോടതിയെ അറിയിക്കാൻ കോടതി നിർദേശിച്ചു. കേസിന്റെ വിചാരണ വേഗത്തിലാക്കാൻ പ്രത്യേക കോടതി രുപീകരിക്കണമെന്ന നിർദേശം രജിസ്ട്രാറെ ഔദ്യോഗികമായി അറിയിക്കാനാണ് കോടതി നിർദ്ദേശിച്ചത്. കേസിൽ വിചാരണ കേൾക്കാൻ വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹർജി പരിഗണിക്കവേ സർക്കാർ നിർദേശത്തിൽ വാദം കേട്ട ശേഷമാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ നിർദേശം. വിചാരണ വനിതാ ജഡ്ജി കേൾക്കണമെന്നാണ് ഇര ആവശ്യപ്പെട്ടിട്ടുള്ളതെന്നും എന്നാൽ പ്രത്യേക കോടതി എന്ന നിർദ്ദേശമാണ് സർക്കാർ മുന്നോട്ട് വച്ചതെന്നും രണ്ടും വ്യത്യസ്ഥമാണന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി കോടതി കൂടുതൽ വാദത്തിനായി മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here