‘കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കേരളത്തിന്റെ മാത്രം ഉത്തരവാദിത്വം’; മുല്ലപ്പെരിയാറില്‍ ആശങ്ക നല്‍കി തമിഴ്‌നാട്

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് ഉയര്‍ന്നതോടെ കേരളത്തില്‍ ആശങ്ക. എന്നാല്‍, കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കേരളത്തിന്റെ മാത്രം ഉത്തരവാദിത്വമാണെന്ന നിലപാടാണ് തമിഴ്‌നാട് സ്വീകരിക്കുന്നത്. ഇത് കേരളത്തെ ആശങ്കയിലാഴ്ത്തുന്നു.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഇപ്പോള്‍ 136 അടിയിലേക്ക് ഉയര്‍ന്നിരിക്കുന്നു. 131 അടിയിലേക്ക് ജലനിരപ്പ് എത്തിയപ്പോള്‍ കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകണം എന്ന് കേരളം ആവശ്യപ്പെട്ടുവെങ്കിലും തമിഴ്‌നാട് അതിന് തയ്യാറായില്ല. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ജലനിരപ്പ് 111 അടി മാത്രമായിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്‌നാടിനോട് ജലം കൊണ്ടുപോകണമെന്ന ആവശ്യം കേരളം മുന്നോട്ടുവച്ചത്.
ജലനിരപ്പ് 136 അടിയിലേക്ക് എത്തുന്നതിന് മുന്നോടിയായി സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനിലെ എക്‌സിക്യീട്ടീവ് എന്‍ജിനിയര്‍ വി. രാജേഷിന്റെ നേതൃത്വത്തില്‍ കേരളത്തിലേയും തമിഴ്‌നാട്ടിലേയും ഉദ്യോഗസ്ഥര്‍ സംയുക്ത യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലായിരുന്നു കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കേരളത്തിന്റെ ഉത്തരവാദിത്വമാണെന്നുള്ള നിലപാട് തമിഴ്‌നാട് സ്വീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here