Advertisement

ഇടുക്കി ഡാം തുറന്നാൽ വെള്ളം ഒഴുകുന്ന വഴി

July 30, 2018
0 minutes Read

ഇടുക്കി ഡാം തുറക്കുമ്പോൾ വെള്ളം പോകേണ്ട റൂട്ട് മാപ്പ് തയ്യാറായി. ഇതനുസരിച്ച് ഒഴുക്കിനെ നിയന്ത്രിക്കും. ചെറുതോണി പുഴയിലുടെ ഒരു കിലോമീറ്റർ ഒഴുകി പെരിയാറിൽ ചേർന്ന് തട്ടേക്കണ്ണി, കിരിത്തോട്, പാംബ്ല, കരിമണൽ, നീണ്ടപാറ, നേര്യമംഗലം, ഇഞ്ചത്തൊട്ടി, തട്ടേക്കാട്, ഭൂതത്താൻകെട്ട് , പാണംകുഴി, മലയാറ്റൂർ, കോടനാട്, കാലടി , ചേലാമറ്റം ,ആലുവ വഴിയാണ് ഒഴുക്ക്. ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാർപാടം, മുളവുകാട്, പൊന്നാരിമംഗലം എന്നിവിടങ്ങളിൽ വെള്ളമെത്തും. നെടുമ്പാശേരി വിമാനത്താവളത്തിൽ വെള്ളം കയറിയേക്കാമെന്നും ഉദ്യോഗസ്ഥർ കരുതുന്നു. തുടർന്ന് ആലുവാപ്പുഴയിലെത്തി അറബിക്കടലിൽച്ചേരും.

പെരിയാറിൽ അവസാനം നിലകൊള്ളുന്ന ഭൂതത്താൻകെട്ടു ഡാമിന്റെ 13 ഷട്ടറുകൾ തുറന്നിട്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ അപകട സാധ്യത കുറവാണെന്നാണ് എൻജിനിയർമാരുടെ വിലയിരുത്തുന്നത്. വെള്ളത്തിന്റെ തോതും ഡാമിൽ കുറവാണ്.

ഇടുക്കി ഡാമിനു ഷട്ടറുകളില്ല. തുറക്കുന്നത് ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ്. ചെറുതോണി ഡാമിന് അഞ്ചു ഷട്ടറുകളുണ്ട്. ഇവയാണ് തുറക്കുന്നത് . മധ്യഭാഗത്തെ ഷട്ടറാണ് ആദ്യം തുറക്കുന്നത്. പിന്നീട് വലത്തെ അറ്റത്തെയും ഇടത്തെ അറ്റത്തെയും ഏതെങ്കിലും ഒരു ഷട്ടർ ഉയർത്തും; പിന്നാലെ മറ്റു രണ്ടു ഷട്ടറുകൾ. സാധാരണയായി 10–15 സെന്റിമീറ്ററാണ് ഓരോ ഷട്ടറും ഉയർത്തുക. പക്ഷെ നിലവിലെ സാഹചര്യത്തിൽ അത് 40 സെന്റിമീറ്റർ വരെ ആയേക്കും.

മുഴുവൻ ഷട്ടറുകളും വൈദ്യുതിയിൽ പ്രവർത്തിക്കുന്നവയാണ്. ഉരുക്കുവടത്തിൽ കാർഡിയം കോംപൗണ്ട് പൂശി, അണക്കെട്ടിലെ ഷട്ടറുകളെല്ലാം കെഎസ്ഇബി മിനുക്കി. ഗിയർ സിസ്റ്റത്തിൽ ഗ്രീസ് പുരട്ടി കാത്തിരിക്കുകയാണ് കെഎസ്ഇബി.

മൂന്നു ജാഗ്രതാ നിർദേശങ്ങളാണു കെഎസ്ഇബി നൽകുക. ജലനിരപ്പ് 2390 അടിയിലെത്തിയപ്പോൾ ആദ്യത്തെ ജാഗ്രതാ നിർദേശം – ഗ്രീൻ അലർട്ട് നൽകി.പെരിയാറിന്റെ തീരത്തു താമസിക്കുന്നവർ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നായിരുന്നു ഈ നിർദേശം.

2395 അടിയിലെത്തുമ്പോൾ ഓറഞ്ച് അലർട്ട് നൽകാനായിരുന്നു ആദ്യ നിർദേശം. 2399 അടിയാകുമ്പോൾ അതീവജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നൽകാനും തീരുമാനിച്ചിരുന്നു. എന്നാൽ ഇന്നലെ യോഗം ചേർന്ന് ഈ തീരുമാനം മാറ്റി. 2395 അടിയിലെത്തുമ്പോൾത്തന്നെ റെഡ് അലർട്ട് നൽകാനാണ് പുതിയ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top