ഇന്ത്യയ്ക്ക് ‘ഇംഗ്ലീഷ് പരീക്ഷ’യുടെ നാളുകള്‍; ടെസ്റ്റ് പരമ്പര നാളെ തുടങ്ങും

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ഏറ്റവും പ്രയാസമേറിയ ‘പരീക്ഷ’ നാളെ ആരംഭിക്കും. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ബര്‍മിങാമിലെ എജ്ബാസ്റ്റണില്‍ നാളെ അരങ്ങുണരും.
നാളെ ഇന്ത്യക്കെതിരായ മത്സരത്തിന് ഇംഗ്ലണ്ട് കളത്തിലിറങ്ങുമ്പോള്‍ അത് ഇംഗ്ലീഷ്പടയുടെ ചരിത്രമത്സരം കൂടിയാണ്. നാളെ ആരംഭിക്കുന്ന ടെസ്റ്റോടെ ഇംഗ്ലണ്ട് 1000 മത്സരം തികക്കും. ഇന്ത്യയുടെ 522-ാം ടെസ്റ്റ് മത്സരമാണിത്. ഇരു ടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത് 117 മത്സരങ്ങളില്‍. ഇതില്‍ 43 വിജയങ്ങളുമായി ഇംഗ്ലണ്ട് വ്യക്തമായ ആധിപത്യം പുലര്‍ത്തുന്നു. 25 മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യ വിജയിച്ചിട്ടുള്ളത്. 49 മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. ആയിരം ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ടീമാണ് ഇംഗ്ലണ്ട്. 812 മത്സരങ്ങള്‍ കളിച്ച ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ട് പ്രതാപശാലികളാണെങ്കിലും ഇന്ത്യക്കെതിരെ നാളെ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര അഗ്നിപരീക്ഷയാണ് ഇംഗ്ലണ്ട് പടയ്ക്ക്. നിലവില്‍ ടെസ്റ്റ് റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്താണ് ആതിഥേയര്‍. ഇന്ത്യയെ 5-0 ത്തിന് ഈ പരമ്പരയില്‍ തോല്‍പ്പിച്ചാല്‍ ഇംഗ്ലണ്ട് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തെത്തും. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്, മുന്‍ നായകന്‍ അലിസ്റ്റര്‍ കുക്ക്, ബെയര്‍സ്റ്റോ എന്നിവരാണ് ബാറ്റിംഗില്‍ ഇംഗ്ലീഷ് കരുത്ത്. ആന്‍ഡേഴ്‌സണും ബ്രോഡും ചേര്‍ന്ന് നയിക്കുന്ന പേസ് ബോളിംഗ് നിരയും പരിചയസമ്പന്നരാണ്.
എന്നാല്‍, ടെസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ കൂടുതല്‍ കരുത്തരാണ്. നായകന്‍ വിരാട് കോഹ്‌ലി, ഉപനായകന്‍ അജിങ്ക്യ രഹാനെ, ഓപ്പണര്‍ മുരളി വിജയ് എന്നിവരാണ് ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത്. വിദേശ സാഹചര്യത്തില്‍ പൊരുത്തപ്പെടുന്ന ബാറ്റിംഗ് ശൈലിയാണ് മൂവരുടെയും. ധവാനും പൂജാരയും കെ.എല്‍ രാഹുലും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നാല്‍ ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് ഇംഗ്ലണ്ടിന് തലവേദനയാകും. പരിക്ക് മൂലം ബുമ്രയും ഭുവനേശ്വര്‍ കുമാറും ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ബുമ്ര രണ്ടാം മത്സരത്തില്‍ തിരിച്ചെത്തിയേക്കുമെന്നാണ് സൂചന. ഭുവനേശ്വറിന് ടെസ്റ്റ് പരമ്പര മുഴുവനായി നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഇരുവരുടേയും അഭാവത്തില്‍ ഇഷാന്ത് ശര്‍മ – ഉമേഷ് യാദവ് – മുഹമ്മദ് ഷമി ത്രയം ഇന്ത്യയുടെ പേസ് നിരയെ നയിക്കും. രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍ എന്നീ പരിചയസമ്പന്നരായ സ്പിന്നേഴ്‌സിനൊപ്പം കുല്‍ദീപ് യാദവിനെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് വിരാട് കോഹ്‌ലിയും രവി ശാസ്ത്രിയും തലപുകഞ്ഞ് ആലോചിക്കുന്നത്. രണ്ട് സ്പിന്നേഴ്‌സിനെ മാത്രം ഉള്‍പ്പെടുത്താനാണ് നിലവിലെ സാധ്യത.
പര്യടനത്തിലെ ഏകദിന പരമ്പര 2-1 ന് ഇംഗ്ലണ്ടും ട്വന്റി 20 പരമ്പര 2-1 ന് ഇന്ത്യയും സ്വന്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here