വരൾച്ചാ ബാധിത പ്രദേശത്ത് കുപ്പി വെള്ള ഫാക്ടറിക്ക് ശ്രമം; നാട്ടുകാർ ഒന്നടങ്കം അതിജീവനത്തിനായി സമരത്തിൽ

കൊല്ലം ജില്ലയിലെ ഇട്ടിവാ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട പട്ടാണിമുക്ക് എന്ന പ്രദേശത്ത് കുപ്പി വെള്ള ഫാക്ടറി തുടങ്ങുന്നതിനായുള്ള ശ്രമത്തിനെതിരെ ജനകീയ സമരം. വരൾച്ചാ ബാധിത പ്രദേശമായ ഇവിടെ കുപ്പി വെള്ള ഫാക്ടറി തുടങ്ങിയാൽ ഈ പ്രദേശവും സമീപ പ്രദേശങ്ങളും വലിയ ജലക്ഷാമം നേരിടുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം നടക്കുന്നത്.
ഉറവ ജല സംരക്ഷണ സമിതി എന്ന പേരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറു കണക്കിന് വരുന്ന പ്രദേശവാസികൾ മുഴുവൻ ഒറ്റക്കെട്ടായി സമരത്തിലാണ്. കുപ്പിവെള്ള ഫാക്ടറി തുടങ്ങാൻ ഉദേശിക്കുന്ന സ്ഥലത്തിന് മുന്നിലായി കുടിൽ കെട്ടിയാണ് ഇവിടത്തെ ജനങ്ങൾ അതിജീവനത്തിനായി സമരം നടത്തുന്നത്. പകലും രാത്രിയും ഉൾപ്പെടെ 24 മണിക്കൂറും സമര പന്തൽ സജീവമാണ്.
നാല് വർഷം മുൻപ് ഓഡിറ്റോറിയം നിർമാണത്തിനാണെന്ന പേരിലാണ് സ്വകാര്യ കമ്പനി ഇവിടെ സ്ഥലം വാങ്ങുന്നത്. പഞ്ചായത്തിൽ നിന്നും കെട്ടിട പെർമിറ്റ് വാങ്ങിയെടുത്തതും ഓഡിറ്റോറിയം നിർമാണത്തിനാണെന്ന് ചൂണ്ടിക്കാട്ടിയാണ്. കുന്നും പ്രദേശമായ ഇവിടെ നിന്നും മുപ്പതടിയോളം താഴ്ചയിൽ സ്ഥലം ഇടിച്ചു നിരത്തിയ ശേഷം രണ്ട് വർഷം മുൻപാണ് കുപ്പിവെള്ള ഫാക്ടറി തുടങ്ങാനാണെന്ന വിവരം പുറത്തറിയുന്നത്.
ആഡിറ്റോറിയം നിർമാണത്തിനാണെന്ന പേരിൽ പിന്തുണ നൽകിയ നാട്ടുകാർ അപ്പോൾ തന്നെ പ്രതിഷേധവുമായി മുന്നോട്ട് വന്നു. പഞ്ചായത്തിലേക്ക് മാർച്ച് ഉൾപ്പെടെയുള്ള ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചായത്ത് ഭരണ സമിതി കെട്ടിട നിർമാണത്തിനായി നൽകിയ അനുമതി റദ്ദ് ചെയ്തിരുന്നു. അത് കൂടാതെ പട്ടാണിമുക്ക് ഉൾപ്പെടുന്ന പ്രദേശത്തെ ഗ്രാമസഭ കൂടി ഐക്യകണ്ഠേന ഫാക്ടറിക്ക് എതിരെ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇതിനെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് പുതിയ ഗവണ്മെന്റ് പോളിസി പ്രകാരം ഏകജാലക സംവിധാനത്തിലൂടെ വീണ്ടും അനുമതി വാങ്ങിയെടുത്തത്. ഒപ്പം തന്റെ സ്ഥലത്ത് അതിക്രമിച്ചു കയറുന്നവർക്കെതിരെ കേസെടുക്കുമെന്ന തരത്തിൽ ഹൈക്കോടതിയിൽ നിന്നും വിധി സമ്പാദിച്ച് പ്രദേശത്ത് സി സി ടി വി ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് സമരം ശക്തമാക്കാൻ നാട്ടുകാർ തീരുമാനിക്കുന്നത്. അറുപതടി താഴ്ചയിൽ ഒരു കുളവും 1500 അടി താഴ്ചയിൽ മൂന്ന് കുഴൽ കിണറുകളും ഇതിനോടകം ഇവിടെ നിർമ്മിച്ചിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾക്കായി പോലീസ് കാവലിലെത്തിയ തൊഴിലാളികളെ കഴിഞ്ഞ ദിവസം പ്രദേശ വാസികൾ തടഞ്ഞിരുന്നു.
രാജീവ് ഗാന്ധി സ്വജൽ ധാര പദ്ധതി പ്രകാരം പുറത്ത് നിന്നും കൊണ്ട് വരുന്ന വെള്ളം ഉപയോഗിക്കേണ്ടി വരുന്ന ഈ പ്രദേശത്ത് ഒരു കുപ്പി വെള്ള ഫാക്ടറി കൂടി തുടങ്ങി ഇവിടം മറ്റൊരു പ്ലാച്ചിമടയാക്കരുത് എന്നാണ് നാട്ടുകാർ പറയുന്നത്. 2008 ൽ വരൾച്ചാ ബാധിത പ്രദേശമായി കളക്ടർ നോട്ടിഫൈ ചെയ്ത സ്ഥലമാണിതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഫാക്ടറി നിർമാണം പുരോഗമിക്കുകയാണെങ്കിൽ സമര പന്തലിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുകയല്ലാതെ നിവൃത്തിയില്ലെന്നും സമരക്കാർ പറയുന്നു. സമരത്തിന് പ്രദേശത്തെ മുഴുവൻ രാഷ്ട്രീയ പാർട്ടികളുടേയും പിന്തുണ അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here