ജലനിരപ്പ് 2398 ല്‍ എത്തിയാല്‍ ട്രയല്‍ റണ്‍; ആശങ്കയില്ലെന്ന് എം.എം മണി

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ ഉറപ്പായും ട്രയല്‍ റണ്‍ നടത്തുമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണി. ജലനിരപ്പ് 2398 ലേക്ക് എത്തിയാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡാം തുറന്നുവിടുമെന്നാണ് ഇടുക്കി കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം മന്ത്രി വിശദീകരിച്ചത്. തുലാവര്‍ഷത്തില്‍ പെയ്യാനുള്ള മഴ കൂടി കണക്കിലെടുത്താണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു. ഡാമിന്റെ നടുവിലെ ഷട്ടര്‍ മാത്രം 50 സെന്റീമിറ്റര്‍ തുറന്നായിരിക്കും ട്രയല്‍ റണ്‍ നടത്തുക. 2396.12 അടിയാണ് നിലവിലെ ജലനിരപ്പ്.
മഴ കുറഞ്ഞതിനാലും നീരൊഴുക്കില്‍ കുറവ് വന്നതിനാലും ഡാം തുറക്കേണ്ടി വരില്ലെന്നാണ് മന്ത്രി നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, തുറക്കേണ്ട സാഹചര്യം വന്നാല്‍ തുറക്കുക തന്നെ ചെയ്യുമെന്നും അതില്‍ ആശങ്കയില്ലെന്നും എം.എം മണി പറഞ്ഞു. 2401 അടി എത്തിയപ്പോഴാണ് ഇതിന് മുന്‍പ് ഡാം തുറന്നത്. എന്നാല്‍, ഇത്തവണ അത്രത്തോളം കാത്തുനില്‍ക്കില്ല. 2401 അടിയിലേക്ക് എത്തും മുന്‍പേ ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരിക്കും. കെഎസ്ഇബിയും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. ഡാം തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാറിന് ഭിന്നാഭിപ്രായമില്ല. മറിച്ചുള്ള വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്നും അവലോകന യോഗത്തില്‍ മന്ത്രി വിശദീകരിച്ചു. അതേ സമയം, ജനങ്ങള്‍ ജാഗ്രത പുലര്‍ത്തിയാല്‍ മതിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here