എഎംഎംഎയിൽ ഭിന്നത രൂക്ഷം; രാജിക്കൊരുങ്ങി മോഹൻലാൽ

നടിയെ ആക്രമിച്ച കേസിൽ കക്ഷി ചേരാനുള്ള എഎംഎംഎ ഭാരവാഹികളുടെ നീക്കത്തിന് പിന്നാലെ സംഘടനയിൽ രൂക്ഷമായ ചേരിപ്പോര് നടന്നതായി റിപ്പോർട്ട്. ചേരിതിരിഞ്ഞുള്ള വാക്കുതർക്കത്തിനൊടുവിൽ പ്രസിഡന്റ് മോഹൻലാൽ രാജിഭീഷണി മുഴക്കിയതായി റിപ്പോർട്ട് .
ജൂലൈ 10ന് ചേർന്ന അമ്മ യോഗത്തിനു ശേഷം നടന്ന കൂടിയാലോചനകളോടെയാണ് സംഭവങ്ങളുടെ തുടക്കം. സംഘടനയുടെ നിലപാടുകൾ സമൂഹമധ്യത്തിൽ വലിയ വിമർശനത്തിന് ഇടയാക്കിയതോടെ താരങ്ങളുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കുന്ന സാഹചര്യം ഉടലെടുക്കാൻ തുടങ്ങി. ഇനിയെങ്കിലും നടിക്ക് പിന്തുണ നൽകുന്ന നിലപാടാണ് അമ്മയുടേതെന്ന് കാണിച്ചില്ലെങ്കിൽ താരങ്ങളുടെ പ്രതിച്ഛായ പാടേ മോശമാകുമെന്നുമുള്ള ആശങ്ക മോഹൻലാൽ പങ്കുവെച്ചു. പുതിയ ചില എക്‌സിക്യൂട്ടീവ് അംഗങ്ങളും നടിയെ അനുകൂലിച്ച് നിലപാടെടുത്തു.
ഇതേ തുടർന്ന് കേസിൽ വനിതാ ജഡ്ജിയെ നിയമിക്കണമെന്നും വിചാരണ തൃശൂർക്ക് മാറ്റണമെന്നും ചൂണ്ടിക്കാട്ടി സർക്കാരിന് നിവേദനം നൽകാൻ തീരുമാനമെടുത്തു. ഈ ആവശ്യങ്ങൾക്ക് ഉന്നയിച്ച് മുഖ്യമന്ത്രിയ്ക്ക് കത്ത് കൈമാറാനുള്ള തീരുമാനവും സംഘടന കൈക്കൊണ്ടു. എന്നാൽ സംഘടനയിലെ ഒരു പറ്റം ദിലീപ് അനുകൂലവിഭാഗം സർക്കാരിൽ സ്വാധീനമുള്ള ഒരു മുതിർന്ന ഭാരവാഹിയെ ഉപയോഗിച്ച് കത്ത് മുഖ്യമന്ത്രിയുടെ പക്കൽ എത്താതിരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി. ഇദ്ദേഹം ഇക്കാര്യങ്ങളിൽ നേരിട്ട് പ്രവർത്തിച്ചതായി അമ്മയിലെ അംഗങ്ങളിൽ നിന്ന് വിവരം ലഭിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ തന്റെ നേതൃത്വത്തിലെടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടതിൽ ക്ഷുഭിതനായ മോഹൻലാൽ രാജിപ്രഖ്യാപനം നടത്തുകയായിരുന്നു. ഇയാൾ കുറ്റം ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്നും എല്ലാ കാര്യങ്ങളിലും എന്തിനാണ് അട്ടിമറിശ്രമങ്ങൾ നടത്തുന്നതെന്നും ദിലീപിനെ ഉദ്ദേശിച്ച് മോഹൻലാൽ ചോദിച്ചതായും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ അനുനയനീക്കങ്ങൾക്കൊടുവിലാണ് മോഹൻലാൽ രാജി തീരുമാനത്തിൽ നിന്ന് പിൻമാറിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here