കമ്പകക്കാനം കൂട്ടക്കൊല; പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു, ആയുധങ്ങള്‍ കണ്ടെടുത്തു

കമ്പകക്കാനം കൂട്ടക്കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ പ്രതി ലിബീഷിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. കൊല്ലപ്പെട്ട കൃഷ്ണന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു.
മരിച്ച കൃഷ്ണന്റെ സഹായി അനീഷ്, അനീഷിന്റെ സുഹൃത്ത് ലിബീഷ് എന്നിവരാണ് അറസ്റ്റിലായത്. ആഭിചാരക്രിയകള്‍ക്കും, മന്ത്രവാദത്തിനും കൃഷ്ണന്റെ സഹായിയായിരുന്നു അനീഷ്. മന്ത്രവാദിയെ കൊന്നാല്‍ ആ മന്ത്രവാദിയുടെ ശക്തി ലഭിക്കും എന്ന അന്ധവിശ്വാസമാണ് കൊലയ്ക്ക് കാരണമായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഇരുവരും കൃഷ്ണനെ കൊലപ്പെടുത്താനായി ഞായറാഴ്ചയാണ് എത്തിയത്. കൃഷ്ണന്റെ വീട്ടില്‍ നിന്ന് ലഭിക്കുന്ന സ്വര്‍ണ്ണത്തിന്റെ നേര്‍പകുതി നല്‍കാമെന്ന് പറഞ്ഞാണ് അനീഷ് സുഹൃത്ത് ലിബീഷിനെ ഒപ്പം കൂട്ടിയത്.ഞായറാഴ്ചയാണ് ഇവര്‍ കൊലനടത്തിയതും. വീട്ടിലെത്തിയ ഇരുവരും കൃഷ്ണനെ വീടിനു പുറത്തേക്ക് വിളിച്ച് വരുത്തിയ ശേഷം ഇരുമ്പു വടികൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. വീടിന് അകത്ത് കയറിയ സംഘം വീട്ടിലുള്ള കൃഷ്ണന്റെ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തുകയായിരുന്നു. അക്രമം ചെറുക്കാന്‍ ശ്രമിച്ച കൃഷ്ണന്റെ മകളുടെ നീക്കത്തിനിടെ അനീഷിന് പരിക്കേറ്റിരുന്നു. ഇവിടെ നിന്ന് മടങ്ങിയ ഇരുവരും തിങ്കളാഴ്ചയാണ് മൃതദേഹം മറവ് ചെയ്യാനെത്തിയത്. അപ്പോള്‍ കൃഷ്ണനും മകനും ജീവനുണ്ടായിരുന്നു. ഇവരെ ചുറ്റികകൊണ്ട് അടിച്ച് കൊല്ലുകയായിരുന്നു. ഇതിന് ശേഷമാണ് കുഴി എടുത്ത് ഇവരെ മറവ് ചെയ്തത്.
കുടുംബങ്ങളുമായി അകല്ച്ചയിലായിരുന്നതിനാല് അനീഷിന്റെ പേര് കുടുംബാംഗങ്ങള്‍ക്ക് അറിയില്ലായിരുന്നു. അനീഷിന്റെ ബൈക്കിലാണ് കൃഷ്ണന് സ്ഥിരമായി സഞ്ചരിച്ചിരുന്നത്. കൃഷ്ണന്റേയും കുടുംബത്തിന്റേയും മരണാനന്തര ചടങ്ങില്‍ അനീഷ് പങ്കെടുക്കാത്തത് ശ്രദ്ധയില്‍പ്പെട്ട കുടുംബാംഗങ്ങള്‍ ഇത് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ രേഖകള്‍ അടിസ്ഥാനമാക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് അനീഷിനെ തിരിച്ചറിയുന്നത്.
മരിച്ച കൃഷ്ണന് നിധിയ്ക്ക് പുറമെ റൈസ് പുള്ളറിന്റെ പേരിലും തട്ടിപ്പ് നടത്തിയിരുന്നുവെന്ന് തെളിഞ്ഞിരുന്നു. മലയാളികളാണ് കൃഷ്ണന്റെ തട്ടിപ്പിന് ഇരയായത്. തമിഴ്നാട്ടിലും നിരവധി പേരെ കൃഷ്ണന് പറ്റിച്ചുവെന്നും പോലീസ് പറയുന്നു. ആണ്ടിപ്പെട്ടിയിലേക്ക് കൃഷ്ണനും സംഘവും നിരവധി തവണ പോയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അനീഷും അന്ന് ഒപ്പമുണ്ടായിരുന്നു. കൃഷ്ണന് നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന ജ്യോത്സ്യന്മാരെയടക്കം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവര്‍ക്ക് കൊലപാതകികളുമായി ബന്ധം ഉണ്ടാകുമെന്ന നിഗമനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. അതേസമയം കൊലയ്ക്ക് ശേഷം പോലീസ് പിടിയിലാകാതിരിക്കാന്‍ അനീഷും ലിബിഷും മന്ത്രവാദം നടത്തിയെന്നും പോലീസ് പറയുന്നു. ഇരുവരേയും ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here