കരുണാനിധിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല; അതീവ ഗുരുതരം
ഡിഎംകെ നേതാവ് കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ വൈകിട്ട് കാവേരി ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അടുത്ത 24മണിക്കൂർ നിർണ്ണായകമാണെന്ന് വ്യക്തമാക്കിയിരുന്നു. രോഗങ്ങൾ അവയവങ്ങളെ ബാധിച്ചിരിക്കുന്ന അവസ്ഥയാണിപ്പോൾ. അടുത്ത മണിക്കൂറുകളിൽ മരുന്നുകളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് അടിസ്ഥാനപ്പെടുത്തി മാത്രമേ ആരോഗ്യ പുരോഗതിയെ കുറിച്ച് എന്തെങ്കിലും ഉറപ്പ് പറയാനാകൂ എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഇതിനിടെ കരുണാനിധിയ്ക്ക് മഞ്ഞപ്പിത്ത ബാധയുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. ഇത് കരളിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വിവരം അറിഞ്ഞതോടെ ആശുപത്രി പരിസരത്തേക്ക് ഡിഎംകെ പ്രവർത്തകരുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. രാത്രി വൈകിയും മുദ്രാവാക്യം വിളികളുമായി അണികൾ ആശുപത്രി പരിസരത്ത് തടിച്ച് കൂടി നിൽക്കുകയാണ്. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പിണറായി വിജയൻ തുടങ്ങിയവർ കഴിഞ്ഞ ദിവസം കരുണാനിധിയെ ആശുപത്രിയിലെത്തി കണ്ടിരുന്നു. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാൾ ആശുപത്രിയിലെത്തിയിരുന്നു. ആദ്യമായാണ് കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം അയാലു അമ്മാൾ എത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here