മുല്ലപ്പെരിയാറില്‍ ആശങ്ക വേണ്ട; ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തുക: മുഖ്യമന്ത്രി

സംസ്ഥാനത്തെ പ്രളയക്കെടുതിയെ ഒറ്റക്കെട്ടായി നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് തമിഴ്‌നാട് കൂടുതല്‍ അളവില്‍ വെള്ളം കൊണ്ടുപോകാന്‍ തുടങ്ങിയെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട് സര്‍ക്കാറുമായി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. മുല്ലപ്പെരിയാര്‍ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിലും പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് കൂടുതല്‍ വെള്ളം ഡാമില്‍ നിന്ന് കൊണ്ടുപോകാമെന്ന് തമിഴ്‌നാട് സമ്മതിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിനെ കുറിച്ച് ജനങ്ങള്‍ ആകുലപ്പെടേണ്ട എന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അതിന് വിവിധ ഏജന്‍സികളെ സജ്ജമാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡാം തുറന്നിട്ടുള്ളതിനാല്‍ ഇടുക്കി ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാന്‍ സാധ്യതയുണ്ട്. അതിനാല്‍, പെരിയാറിന്റെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കുക. ജനങ്ങളുടെ സുരക്ഷയാണ് സര്‍ക്കാറിന് പ്രധാനം. അതിനാല്‍ മാറി താമസിക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ അത് അനുസരിക്കാന്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
കൊച്ചി വിമാനത്താവളം അടച്ചിടേണ്ട സാഹചര്യം വന്നതിനാല്‍ ഒരുപാട് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു. എന്നാല്‍, അക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് വിമാനത്താവളത്തിലേക്ക് സര്‍വീസുകള്‍ തിരിച്ചുവിടുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി സൗകര്യവും പ്രത്യേകം ഒരുക്കിയിട്ടുണ്ട്. ക്യാമ്പുകളില്‍ കുടിവെള്ളം എത്തിക്കുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ക്യാമ്പുകളില്‍ വൈദ്യുതി തടസം ഇല്ലാതിരിക്കാന്‍ ആവശ്യമായ എല്ലാ ഒരുക്കങ്ങളും സര്‍ക്കാര്‍ ഉടന്‍ ചെയ്യും. സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയക്കെടുതിയെ ഒറ്റക്കെട്ടായി നേരിടണമെന്നും അധികാരികള്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദ്ദേശം ജനങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here