ഇടുക്കിയില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക്; പെരിങ്ങല്‍കുത്ത് ഡാം കവിഞ്ഞൊഴുകുന്നു; അതീവ ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്തെ മഴക്കെടുതി നിയന്ത്രണാതീതം. അതീവ ജാഗ്രത പുലര്‍ത്തേണ്ട മണിക്കൂറുകളാണ് ഇപ്പോള്‍ കടന്നുപോയികൊണ്ടിരിക്കുന്നത്. ഇടുക്കി അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് ഇനിയും വര്‍ധിപ്പിക്കും. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
2000 ക്യുമക്‌സ് വെള്ളം രാത്രി പത്ത് മുതല്‍ പുറത്തേക്ക് ഒഴുക്കാനാണ് സാധ്യത. നിലവില്‍ 1500 ക്യുമക്‌സ് വെള്ളമാണ് പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയാല്‍ അത് ഇടുക്കിയെയും പെരിയാറിനെയും ബാധിക്കും. പെരിയാര്‍ ഇതിനോടകം തന്നെ നിറഞ്ഞൊഴുകുകയാണ്. ആലുവ വെള്ളത്തിനടിയിലായി. കൊച്ചി നഗരത്തിലേക്ക് വെള്ളം കയറാന്‍ തുടങ്ങിയിട്ടുണ്ട്. ഇടുക്കിയില്‍ നിന്ന് കൂടുതല്‍ വെള്ളം പെരിയാറിലേക്ക് എത്തുന്നത് അതിരൂക്ഷമായ സാഹചര്യത്തിലേക്ക് നയിക്കും. അതിനാല്‍, ദുര്‍ബല പ്രദേശങ്ങളില്‍ ഉള്ളവര്‍ മാറിതാമസിക്കണമെന്ന് നിര്‍ദേശമുണ്ട്. എറണാകുളം ജില്ലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കുക. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകാന്‍ കഴിയുന്നവര്‍ എത്രയും വേഗം സുരക്ഷാസ്ഥാനങ്ങളിലേക്ക് നീങ്ങുക. പെരിയാറില്‍ അതിഭീകരമാം വിധം ജലനിരപ്പ് ഉയരുന്നുണ്ട്. പെരിയാറിന്റെ ഇരു കരകളിലുമുള്ളവര്‍ വേഗം മാറിതാമസിക്കേണ്ടതാണ്.
ചാലക്കുടി പുഴയും കരകവിഞ്ഞ് ഒഴുകുകയാണ്. പെരിങ്ങല്‍കുത്ത് ഡാം പരമാവധി സംഭരണശേഷിയും കഴിഞ്ഞ് പുറത്തേക്ക് ഒഴുകുന്നു. ചാലക്കുടി ടൗണ്‍ ഇതിനോടകം വെള്ളത്തില്‍ മുങ്ങി. ചാലക്കുടിയിലും തൃശൂര്‍ ജില്ലയിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. ചാലക്കുടിയില്‍ താഴ്ന്ന ഭാഗത്തുള്ളവര്‍ മാറിതാമസിക്കണമെന്നും നിര്‍ദേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here