ഇന്ന് സമഗ്ര രക്ഷാപ്രവർത്തനം: കേന്ദ്ര-സംസ്ഥാന സേനകൾ വിവിധ മേഖലകളിൽ

പെരിയാറും മൂവാറ്റുപുഴയാറും കരകവിഞ്ഞതിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിനുള്ള സമഗ്ര രക്ഷാപ്രവർത്തനം ഇന്ന് പുലർച്ചെ മുതൽ നടക്കും. കര നാവിക വ്യോമസേനകൾ, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, ഫയർഫോഴ്സ് എന്നിവയാണ് വിവിധ സ്ഥലങ്ങളിൽ സർവ സന്നാഹങ്ങളോടും കൂടി രക്ഷാപ്രവർത്തനത്തിനിറങ്ങുക.
ഇന്നലെ രാത്രി കളമശേരിയിലെ താൽക്കാലിക കൺട്രോൾ റൂമിൽ ചേർന്ന അടിയന്തരയോഗം രക്ഷാപദ്ധതിക്ക് രൂപം നൽകി. ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള, സ്പെഷ്യൽ ഓഫീസറും മുൻ കളക്ടറുമായ എം.ജി രാജമാണിക്യം, ഐ.ജി വിജയ് സാഖറെ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
രാവിലെ അഞ്ചു മണിക്ക് രക്ഷാദൗത്യം ആരംഭിക്കും. ആലുവയിൽ ദേശീയ ദുരന്ത നിവാരണ സേനയും കാലടിയിൽ കരസേനയും മൂവാറ്റുപുഴയിൽ നാവിക സേനയും രംഗത്തിറങ്ങും. പൊലീസും ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും ഒപ്പമുണ്ടാകും. വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ രക്ഷാദൗത്യത്തിന് പിന്തുണ നൽകും. ദുർഘട കേന്ദ്രങ്ങളിൽ ഹെലികോപ്റ്ററിൽ നിന്നും കയറിട്ടു കയറ്റിയാകും രക്ഷാപ്രവർത്തനം. ഭക്ഷണപ്പൊതികളും ഹെലികോപ്റ്ററിൽ വിതരണം ചെയ്യും.
സേനകളുടെ ഡിങ്കി ബോട്ടുകൾക്ക് പുറമേ മത്സ്യബന്ധനത്തിന് ഇറങ്ങുന്ന ചെറുതും വലുതുമായ യാനങ്ങളും രക്ഷാപ്രവർത്തനത്തിന് ഉണ്ടാകും മത്സ്യബന്ധന യാനങ്ങൾ ലോറിയിൽ കയറ്റിയാണ് നിശ്ചിത കേന്ദ്രങ്ങളിൽ എത്തിക്കുക. വഞ്ചിയിൽ രക്ഷപ്പെടുത്തുന്നവരെ താമസിപ്പിക്കാൻ അങ്കമാലിയിലും വ്യോമമാർഗം രക്ഷപ്പെടുത്തുന്നവരെ താമസിപ്പിക്കാൻ നേവൽബേസിന് സമീപവും ക്യാമ്പുകൾ തുറക്കും. മത്സ്യ ബന്ധനം നിറുത്തി തിരുവനന്തപുരത്ത് നിന്നും, വിഴിഞ്ഞത്ത് നിന്നും മത്സ്യ തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് രംഗത്ത് എത്തിയിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിന് ഏകോപന ചുമതല ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫറുള്ള നിർവഹിക്കും വിവിധ കേന്ദ്രങ്ങളിലെ രക്ഷാപ്രവർത്തനത്തിന് സ്പെഷ്യൽ ഓഫീസർ എം ജി രാജമാണിക്യം മേൽനോട്ടം വഹിക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here