കേരളം ചവിട്ടിക്കയറിയത് ജെയ്സലിന്റെ ചുമലിലൂടെ; കണ്ടെത്തിയത് ട്വന്റിഫോർ

രക്ഷാപ്രവർത്തനത്തിനിടെ സ്ത്രീകളടക്കമുള്ളവരെ തന്റെ പുറത്ത് ചവിട്ടി നിന്ന് ബോട്ടിലേക്ക് കയറാൻ സഹായിച്ച ആ നീല ഷർട്ടുകാരനെ വാഴ്ത്തുകയാണ് പ്രളയം തളർത്തിയെങ്കിലും മലയാളികൾ. വെള്ളത്തിൽ കുതിർന്ന് നിന്ന് രക്ഷാപ്രവർത്തനം നടത്തുമ്പോഴും ഒരു മടിയും കൂടാതെ ഇത്തരത്തിൽ സ്ത്രീകളെ രക്ഷിക്കാൻ കാണിച്ച ആ മനസിനെ നിറകണ്ണുകളോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തതും. അൽപം വൈകിയെങ്കിലും അദ്ദേഹത്തെ ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുകയാണ്, താനൂർ സ്വദേശി ജെയ്സലാണത്. മത്സ്യ തൊഴിലാളിയാണ്. മലപ്പുറം ട്രോമ കെയറിന്റെ സംഘത്തിലാണ് രക്ഷാപ്രവർത്തനത്തിനായി ജെയ്സൽ തൃശ്ശൂരിലേക്ക് എത്തിയത്. തന്റെ വീഡിയോ വൈറലായത് അറിയാതെ രക്ഷാപ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ് ജെയ്സൽ ഇപ്പോഴും. ട്വന്റിഫോറിന്റെ ന്യൂസ് സംഘമാണ് ജെയ്സലിനെ കണ്ടെത്തിയത്.
നൂറ്റിയമ്പത് പേരെയാണ് തൃശ്ശൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ജെയ്സലും സംഘവും ഒറ്റക്കെട്ടായി ജീവിതത്തിലേക്ക് തിരികെ കൂട്ടിക്കൊണ്ട് വന്നത്. രക്ഷാപ്രവർത്തനത്തിനിടെ വേങ്ങര മുതലമാട് എന്ന സ്ഥലത്ത് നിന്നാണ് ജെയ്സൽ ഇത്തരത്തിൽ സ്ത്രീകളെ രക്ഷിച്ചെടുത്തത്. ഇത് കണ്ട് നിന്നവരാരോ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയായിരുന്നു. ഇപ്പോൾ മാളയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ജെയ്സൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here