മലയാളികളോട് ചേർന്ന് നിന്ന് മാർവാഡി സമൂഹം

ജനിച്ചതിവിടെയല്ലെങ്കിലും ഉദയ നഗറിലെ മാർവാഡി സമൂഹത്തിന് മലയാളം പോറ്റമ്മയാണ്. തങ്ങൾക്ക് അന്നം നൽകുന്ന നാടിന് അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ദുരന്തത്തിൽ കൈമെയ് മറന്ന് സഹായിക്കുകയാണ് ഇവർ. ജൻ കല്യാൺ സൊസൈറ്റി എന്ന എൻജിഒയും ആഗ്രവാൾ യുവ മണ്ഡൽ എന്നിവ സംയുക്തമായാണ് ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നിരവധി ക്യാംപുകളിലേക്കുള്ള ഭക്ഷണമാണ് ഈ റിലീഫ് സെൻററിൽ നിന്ന് ഇവരെത്തിക്കുന്നത്. ഉദയാ നഗര്‍ ശിവ മന്ദിറിലാണ് ഇവരുടെ റിലീഫ് സെന്റർ. അയ്യായിരത്തോളം പേർക്കുള്ള ഭക്ഷണമാണ് ഇവിടെ തയ്യാറാകുന്നത്. ഇതിന് പുറനെ സമീപത്തുള്ള റിലീഫ് ക്യാമ്പിലെ മുഴുവൻ പേർക്കും ഉള്ള പ്രഭാത ഭക്ഷണവും ഇവരാണ് എത്തിക്കുന്നത്. മാർവാഡികൾ മാത്രമല്ല, പഞ്ചാബികളും, ഗുജറാത്തികളും വരെ ഈ സദ് ഉദ്യമത്തിൽ പങ്കാളികളാകുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ മലയാളി കുടുംബങ്ങളും ഇവരോട് സഹകരിക്കുന്നുണ്ട്.
ഭക്ഷണ വിതരണത്തിന് പുറമെ ജില്ലയിലെ പല ക്യാപുകളിലും വസ്ത്രങ്ങളും മറ്റും ആവശ്യമായി വരുമ്പോൾ ഇവർ എത്തിച്ച് കൊടുക്കുകയും ചെയ്യുന്നുണ്ട്. സ്വന്തം നാട് തന്നെയാണ് ഇവർക്ക് കേരളവും, അതുകൊണ്ടാണല്ലോ കേരളത്തെ അതിജീവിക്കാൻ സഹായിക്കുന്ന ലക്ഷകണക്കിന് പേരോടൊപ്പം ഇവർക്കും തോളോട് തോൾ ചേരാൻ ഇവർക്ക് മനസുണ്ടായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here