പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട രേഖകളെല്ലാം ഇനി ഒരൊറ്റ കേന്ദ്രത്തിൽ നിന്നും ലഭിക്കും

പ്രളയക്കെടുതിയിൽ ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയ പ്രധാന രേഖകളും സർട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവർക്ക് ഒരൊറ്റ കേന്ദ്രത്തിൽ നിന്നും ഇവയെല്ലാം നൽകാൻ വേണ്ട സംവിധാനം സർക്കാർ ഒരുക്കുന്നു. സംസ്ഥാന വിവര സാങ്കേതിക വകുപ്പ് മറ്റു വകുപ്പുകളുമായി സഹകരിച്ചു നടപ്പിലാക്കുന്ന ഈ പദ്ധതി നിർവ്വഹണത്തിനുള്ള സോഫ്റ്റ്‌വെയർ ധൃതഗതിയിൽ തയ്യാറാക്കിവരികയാണ്.
രേഖകൾ നഷ്ടപ്പെട്ടയാളുടെ പേര്, മേൽവിലാസം, പിൻകോഡ്, വയസ്സ്, ഫോൺ നമ്പർ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ, ഫിംഗർ പ്രിന്റ് പോലുള്ള ബയോമെട്രിക് വിവരങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് പ്രധാന രേഖകൾ സർക്കാരിന്റെ വിവിധ സംവിധാനങ്ങളിൽനിന്ന് വീണ്ടെടുക്കാനുള്ള പദ്ധതിയാണ് വികസിപ്പിക്കുന്നത്. പേരിലും മറ്റും അന്തരം ഉണ്ടെങ്കിലും കണ്ടുപിടിക്കാൻ കഴിയുന്ന രീതിയിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സെപ്റ്റംബർ ആദ്യവാരം മുതൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന അദാലത്തുകളിൽ കൂടി പൗരന്റെ നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുത്ത് വിതരണം ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിന്റെ പ്രാരംഭമായി എല്ലാ സർക്കാർ വകുപ്പുകളും അവരുടെ ഡാറ്റാബേസുകൾ വിവര സാങ്കേതിക വകുപ്പുമായി പങ്കുവയ്ക്കാനുള്ള നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇതിന്റെ പരീക്ഷാടിസ്ഥാനത്തിലുള്ള പ്രവർത്തനം ഈ മാസം 30ന് തെരഞ്ഞെടുക്കപ്പെട്ട ഒരു പഞ്ചായത്ത് വാർഡിൽ നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here