നാലാം ടെസ്റ്റ് ഇന്ന് മുതല്‍; ഇന്ത്യയ്ക്ക് നിര്‍ണായകം

പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഇന്ത്യ ഇന്ന് കളത്തില്‍. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് സതാംപ്ടണ്‍ റോസ്ബൗള്‍ സ്റ്റേഡിയത്തില്‍ ഇന്ന് ആരംഭിക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 3.30 മുതലാണ് മത്സരം ആരംഭിക്കുക. പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഇന്ത്യയ്ക്ക് ഈ മത്സരത്തില്‍ വിജയിക്കുക തന്നെ വേണം. ആദ്യ മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 2-1 ന് ഇംഗ്ലണ്ടാണ് പരമ്പരയില്‍ ലീഡ് ചെയ്യുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ആകെ ഉള്ളത്. ആദ്യ രണ്ട് മത്സരങ്ങളിലെ ദയനീയമായ തോല്‍വികള്‍ക്ക് ശേഷം മൂന്നാം മത്സരത്തില്‍ ഇന്ത്യ തിരിച്ചുവരികയായിരുന്നു. മൂന്നാം ടെസ്റ്റിലെ അതേ ടീമിനെ തന്നെയായിരിക്കും ഇന്ത്യ നാലാം ടെസ്റ്റിലും നിലനിര്‍ത്തുക. എന്നാല്‍, ആര്‍. അശ്വിന്റെ പരിക്ക് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നു. വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയുടെ പരിക്കാണ് ഇംഗ്ലീഷ് നിരയ്ക്ക് തലവേദന സൃഷ്ടിക്കുന്നത്. ഇതിന് മുന്‍പ് ഇരു ടീമുകളും റോസ്ബൗളില്‍ ടെസ്റ്റ് മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇംഗ്ലണ്ടിനായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here