പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ‘ചങ്ങാതിപ്പൊതി’യുമായി മുഖ്യമന്ത്രിയുടെ കൊച്ചുമകന്‍; നമുക്കും കൈ കോര്‍ക്കാം

കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതില്‍ ഞങ്ങള്‍ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് കുട്ടികള്‍ ചോദിച്ചാല്‍ ‘ഉണ്ട്’ എന്ന് തന്നെ മറുപടി നല്‍കാന്‍ നമുക്ക് സാധിക്കണം. ‘സഹപാഠിക്ക് ചങ്ങാതിപ്പൊതി’ എന്ന പദ്ധതി കുട്ടികള്‍ക്കിടയില്‍ അത്രയേറെ പ്രചാരം നേടിയിരിക്കുകയാണ്. പ്രളയക്കെടുതിയില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ നിരവധിയുണ്ട്. അവര്‍ക്ക് വേണ്ടിയുള്ളതാണ് സഹപാഠിക്ക് ചങ്ങാതിപ്പൊതി പദ്ധതി. കുട്ടികള്‍ തന്നെയാണ് ഇതിനായി മുന്നിട്ട് ഇറങ്ങിയിരിക്കുന്നതും. ഉദാര മനസ്സുള്ള കുഞ്ഞുങ്ങള്‍ക്ക് പിന്തുണയുമായി മാതാപിതാക്കളും എത്തുന്നതോടെ കേരളത്തിന്റെ ഒരുമ നാടിന്റെ അതിര്‍ത്തികള്‍ കടക്കുകയാണ്.
തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി നടത്തുന്ന ‘സഹപാഠിക്ക് ചങ്ങാതിപ്പൊതി’ പദ്ധതിയില്‍ പഠനോപകരണങ്ങള്‍ നല്‍കി മുഖ്യമന്ത്രിയുടെ കൊച്ചുമകന്‍ ഇഷാന്‍ മാതൃകയായിരിക്കുകയാണ്. രണ്ടാം ക്ലാസ് വിദ്യാർഥിയായ ഇഷാൻ ബാഗും അഞ്ചു നോട്ടുബുക്കും ഇൻസ്ട്രുമെന്റ് ബോക്‌സും കുടയും പേനകളും പെൻസിലും ചോറ്റുപാത്രവുമാണ് ജില്ലാ ശിശുക്ഷേമസമിതി ഭാരവാഹികളെ ഏൽപ്പിച്ചത്.
എല്ലാം നഷ്ടപ്പെട്ട കുട്ടികൾക്ക് വേണ്ട ബാഗും നോട്ടുബുക്കും ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ കുട്ടികളിൽ നിന്ന് സമാഹരിച്ച് എത്തിക്കുകയാണ് ചങ്ങാതിപ്പൊതി. ഒരു ബാഗും അഞ്ചു നോട്ടുബുക്കും ഒരു ഇൻസ്ട്രുമെന്റ് ബോക്‌സും അഞ്ചു പെൻസിലും അഞ്ചു പേനയും ഒരു ചോറ്റുപാത്രവും കുടയും ഉൾപ്പെടുന്ന ഒരു കിറ്റാണ് ചങ്ങാതിപ്പൊതി. നൂറുകണക്കിന് കുട്ടികളിൽ നിന്ന് മികച്ച പ്രതികരണമാണ് ശിശുക്ഷേമ സമിതിക്ക് ലഭിക്കുന്നത്.
പഠനോപകരണങ്ങൾ പൂർണമായി നഷ്ടപ്പെട്ട ആയിരത്തിലധികം കുട്ടികൾക്കായുള്ള കിറ്റ് ഇതിനോടകം ശേഖരിക്കാൻ സമിതിക്ക് സാധിച്ചു. ഭാഗികമായി പഠനോപകരണങ്ങൾ നഷ്ടപ്പെട്ടവർക്കും നൽകും. കളക്ഷൻ ക്യാമ്പയിൻ സെപ്റ്റംബർ അഞ്ചു വരെ തുടരും. സ്‌കൂൾ കുട്ടികൾക്കും മുതിർന്നവർക്കും കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വാങ്ങി നൽകാം. എല്ലാ സർക്കാർ സ്‌കൂളുകളിലും സെപ്റ്റംബർ മൂന്നിന് സ്‌കൂൾ അധികൃതർ ഇവ സ്വീകരിക്കും.
സെപ്റ്റംബർ നാല്, അഞ്ച് തീയതികളിൽ സ്‌കൂളുകളിൽ എത്തുന്ന ജില്ലാ ശിശുക്ഷേമസമിതി ഭാരവാഹികൾ ഏറ്റുവാങ്ങി സെപ്റ്റംബർ ആറ്, ഏഴ് തീയതികളിൽ വിദ്യാഭ്യാസ വകുപ്പു മുഖേന അർഹരായ വിദ്യാർത്ഥികളുടെ കൈവശം എത്തിക്കും. ചെട്ടിക്കുളങ്ങര ജില്ലാ ശിശുക്ഷേമസമിതി ഓഫീസിലും, തൈക്കാട് സംസ്ഥാന ശിശുക്ഷേമസമിതി ഓഫീസിലും, വൈ.എം.ആർ. ജംഗ്ഷനിലെ ഇൻസ്പിരിറ്റ് ഐ.എ.എസ്. അക്കാദമിയിലും പഠനോപകരണങ്ങൾ ശേഖരിക്കും. വിശദവിവരങ്ങൾക്ക് 9447441464, 9495121620, 8129612726.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here