അധ്യാപക ദിന ചിന്തകള്‍

വീണ്ടുമൊരു അധ്യാപക ദിനം കൂടി. മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി മുതല്‍ സാധാരണക്കാരന്‍ വരെ ആദരിക്കുന്ന ഒരു പിടി അധ്യാപകരുണ്ടാവും. “ജീവിതം തന്നതിന് ഞാന്‍ പിതാവിനോട് കടപ്പെട്ടിരിക്കുന്നു, എന്നാല്‍ നന്നായി ജീവിക്കാന്‍ പഠിപ്പിച്ചതിന് എന്റെ അധ്യാപകനോടാണ് കടപ്പാട്” എന്ന് പറഞ്ഞത് മറ്റാരുമല്ല, ലോകം കീഴടക്കാനിറങ്ങിയ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയാണ്.
ഒരു നല്ല അധ്യാപിക വിദ്യാര്‍ത്ഥികളെ പാഠഭാഗങ്ങള്‍ നന്നായി പഠിപ്പിക്കുമ്പോള്‍, ഏറ്റവും മികച്ച അധ്യാപിക ഒരാളുടെ വ്യക്തി ജീവിതത്തെ തന്നെ സ്വാധീനിക്കുന്നു. അധ്യാപകരെക്കുറിച്ചുള്ള ഏറ്റവും മികച്ച നിര്‍വചനമാണ് അവര്‍ ശിഷ്യരെ അധ്യാപകരുടെ സഹായമില്ലാതെ ജീവിക്കാന്‍ സഹായിക്കുന്നു എന്നത്. പുസ്തകത്താളുകളിലച്ചടിച്ച അക്ഷരക്കൂട്ടങ്ങള്‍ക്കുപരി ജീവിത പാഠങ്ങള്‍ പകര്‍ന്നു തരുന്നവരാണ് യഥാര്‍ത്ഥ അധ്യാപകര്‍.
അധ്യാപനമെന്നത് വെറുമൊരു ജോലിയായി കാണുന്നവരിലുപരി അത് ഒരു തപസ്യയായി കാണുന്ന ഗുരുക്കന്മാരുണ്ട്. അവരാണ് ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹമെന്ന് നമ്മെക്കൊണ്ട് പറയിക്കുന്നത്. കലാലയങ്ങളുടെ പരിപാവനതയിലെ പുണ്യമായി വിളങ്ങുന്ന അധ്യാപകരെ വിദ്യാര്‍ത്ഥികള്‍ ഓര്‍ത്തെടുക്കാറുണ്ട്. രാജ്യത്തെ പുനര്‍നിര്‍മ്മിക്കുന്ന യഥാര്‍ത്ഥ എഞ്ചിനിയര്‍മാരാണ് അധ്യാപകര്‍.
എന്നാല്‍, അധ്യാപകരാകാന്‍ താല്‍പ്പര്യമുള്ളവരുടെ എണ്ണം കുറയുകയാണ്. പ്രതിഫലത്തിലെ ഗ്ലാമറില്ലായ്മയാണ് ഒരു കാര്യം. പലപ്പോഴും മികച്ച വിദ്യാര്‍ത്ഥികള്‍ മല്‍സരപരീക്ഷകള്‍ ജയിച്ച് കൂടുതല്‍ പ്രതിഫലം കിട്ടുന്ന ജോലികളിലേക്ക് പോകുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും പഠനനിലവാരം കുറഞ്ഞ വ്യക്തികള്‍ ഏതെങ്കിലും ഒരു കോഴ്‌സ് ചെയ്യണമെന്നു കരുതി അധ്യാപന പരിശീലനത്തിന് പോകുന്നു. വളരെ കുറഞ്ഞ ശമ്പളം പറ്റി സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നു. ഇത്തരമൊരവസ്ഥ രാജ്യത്തെ വിദ്യാഭ്യാസ നിലവാരം കുറയ്ക്കുന്നതിനു കാരണമാകുന്നോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
കോളേജ് അധ്യാപകര്‍ക്ക് മികച്ച ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും സ്വകാര്യ മേഖലയിലെ സ്‌ക്കൂള്‍ അധ്യാപകര്‍ക്ക് പ്രതിഫലം തീരെ കുറവാണ്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തണമെന്നു കരുതുന്നവര്‍ ഇക്കാര്യം കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here