Advertisement

വിക്ടോറിയന്‍ സദാചാര ബോധത്തില്‍ നിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനം

September 6, 2018
10 minutes Read

സ്വവര്‍ഗരതി കുറ്റകരമല്ലെന്ന സുപ്രീംകോടതി വിധിയെ വിലയിരുത്തുന്നു- എസ്.വിജയകുമാര്‍ (ട്വന്റിഫോര്‍ ന്യൂസ്)

“I Am What I Am. So, Take Me As I Am. No One Can Escape From Their Individuality”- Chief Justice Deepak Mishra

വിക്ടോറിയന്‍ സദാചാരബോധത്തില്‍ നിന്ന് ഉയിര്‍കൊണ്ട ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് പ്രാകൃതമാണെന്ന തിരിച്ചറിവാണ് സുപ്രീം കോടതി വിധിയുടെ അന്തസത്ത. സ്വവര്‍ഗാനുരാഗം ഒരു ജീവിതാവസ്ഥയാണെന്ന് അംഗീകരിക്കാനുള്ള വിശാലമായ കാഴ്ച്ചപ്പാട് ഭരണഘടനാ ബഞ്ചിനുണ്ടായി. കാലത്തിന്റെ ചുവരെഴുത്ത് ശരിയായി വായിക്കുന്ന ജുഡീഷ്യറി ആരോഗ്യമുള്ള ജനാധിപത്യത്തിന്റെ ലക്ഷണമായി നമുക്ക് ആശ്വസിക്കാം. സമൂഹത്തിന്റെ സദാചാര ധാര്‍മ്മിക ബോധത്തേക്കാള്‍ ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന വ്യക്തി സ്വാതന്ത്ര്യത്തിന്റെ മഹിമാപ്രഘോഷണമായി സുപ്രീം കോടതി വിധി മാറി.

ശരീരത്തിനുമേല്‍ വ്യക്തികള്‍ക്കുള്ള അവകാശം ഭരണകൂടങ്ങള്‍ക്ക് മുന്നില്‍ അടിയറവയ്ക്കാനുള്ളതല്ല. കിടപ്പുമുറിയിലേക്ക് കടന്നുവരുന്ന ഭരണശാസനകള്‍ക്ക് മേലുള്ള മാരക പ്രഹരമാണ് സ്വവര്‍ഗ ലൈംഗികത സംബന്ധിച്ച സുപ്രീം കോടതി വിധി. ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ അപാരമായ സ്‌നേഹവായ്പ് വ്യക്തികള്‍ക്ക് പകര്‍ന്നു നല്‍കുകയാണ് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ചെയ്തത്. സദാചാര ഭ്രാന്തുകള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോള്‍ ഏറെ കുളിര്‍മ പകരുന്നതാണ് ഈ വിധി. വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ നിയമപോരാട്ടം നടത്തിയവര്‍ക്ക് തല്‍ക്കാലം വിശ്രമിക്കാം.

പക്ഷേ, ഈ വിധി കൊണ്ട് എല്ലാമായി എന്ന് കരുതാനാകില്ല. പാപബോധത്തില്‍ അധിഷ്ഠിതമായ മത ചിന്തകളുമായി ഇനിയും ഏറ്റുമുട്ടല്‍ വേണ്ടിവരും. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിയമ വിധേയമാക്കിയ 24-ാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്നത് അത്ര ചെറിയ കാര്യമല്ല. സങ്കീര്‍ണ്ണമായ സാമൂഹ്യഘടനയുള്ള ഒരു രാജ്യം ഈ വിധിയെ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയണം.

2013 ഡിസംബര്‍ 11 ന് സാങ്കേതികത്വം ചൂണ്ടിക്കാട്ടി സുപ്രീം കോടതി റദ്ദാക്കിയ സുപ്രീം കോടതി രണ്ടംഗ ബഞ്ച് റദ്ദാക്കിയ ദില്ലി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബഞ്ച് പുനസ്ഥാപിച്ചിരിക്കുകയാണ്. ഭയന്നു ജീവിക്കേണ്ടി വരുന്ന ലൈംഗിക അവസ്ഥയെപറ്റി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒരിക്കല്‍ നടത്തിയ നിരീക്ഷണം ഈ ഉത്തരവിനുള്ള മുന്നൊരുക്കമായി വേണമെങ്കില്‍ കരുതാം.

സ്വകാര്യത സംബന്ധിച്ച വിശാല ബഞ്ചിന്റെ മുന്‍പുണ്ടായ വിധിയും ഈ ഘട്ടത്തില്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയാകും. എല്‍ജിബിടി സമൂഹത്തിന്റെ അസ്ഥിത്വ പ്രതിസന്ധികള്‍ക്ക് ഭരണഘടനാ വ്യാഖ്യാനത്തിലൂടെ പരിഹാരം കണ്ടിരിക്കുകയാണ് സുപ്രീം കോടതി. കേസിന്റെ പരിഗണനാഘട്ടത്തിലൊരിക്കലും നിലപാടെടുക്കാതെ മാറിനിന്ന കേന്ദ്ര സര്‍ക്കാറിന് ഇനി ഉത്തരവാദിത്വം കൂടും. വിധി നടപ്പാക്കല്‍ എന്നത് സംസ്ഥാന സര്‍ക്കാറുകളെ സംബന്ധിച്ചും എളുപ്പമാകണമെന്നില്ല.

സ്വവർഗ്ഗ ലൈംഗികതയിൽ പ്രകൃതി വിരുദ്ധമായി ഒന്നുമില്ലെന്ന സുപ്രീം കോടതി പരാമര്‍ശമുയര്‍ത്തി നടക്കാനിരിക്കുന്ന ചര്‍ച്ചകളെ നാം മുന്നേ കാണേണ്ടതുണ്ട്.

സ്വവര്‍ഗരതി കുറ്റകരമായി കണ്ട് രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും ഇതോടെ അപ്രസക്തമായി. അഭിരുചികള്‍ തുറന്നുപറയാനും ഇഷ്ടങ്ങള്‍ പ്രകടിപ്പിക്കാനും വിലക്കുകളില്ലാത്ത ലോകത്തേക്ക് ഒരു ചുവട് കൂടി…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top