പത്തനാപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ സംസ്കാരം ഇന്ന്

പത്തനാപുരം മൗണ്ട് താബോർ കോണ്‍വെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീ സിഇ സൂസമ്മയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. കോണ്‍വെൻറ് സെമിത്തേരിയിൽ രാവിലെ പത്തുമണിക്കാണ് സംസ്കാര ചടങ്ങുകള്‍.
മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്നലെ പുറത്ത് വന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അന്നനാളത്തില്‍ നാഫ്ത്തലിന്‍ ഗുളിക കണ്ടെത്തിയെന്ന് വ്യക്തമാക്കുന്നുണ്ട്. രണ്ട് കയ്യിലേയും ഞരമ്പുകള്‍ മുറിച്ച നിലയിലും ആയിരുന്നു. വെള്ളം അകത്ത് ചെന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. ഉദര സംബന്ധമായ അസുഖ ബാധിതയായതിനാല്‍ ഇവര്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നെന്നാണ് സഹപ്രവര്‍ത്തകരും മഠത്തിലുള്ളവരും വ്യക്തമാക്കുന്നത്. ഈ വിഷമത്തില്‍ ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പോലീസ്. എങ്കിലും മുറിയില്‍ മുടി മുറിച്ച് വച്ചതെന്തിനാണെന്ന ചോദ്യം നിലനില്‍ക്കുന്നു. ഞരമ്പുകള്‍ മുറിച്ച ശേഷം ഇത്രയും ദൂരെയുള്ള കിണറ്റിന് സമീപത്തേക്ക് ഇവരെങ്ങനെ എത്തിയെന്നതും പോലീസിന് തലവേദനയാകുന്നുണ്ട്. മുറിയ്ക്ക് അകത്ത് ചോരപ്പാടുകളുണ്ടെങ്കിലും വന്നവഴിയിലൊന്നും ചോരപ്പാടുകള്‍ ഇല്ല. കിണറിന്റെ തൂണിലും കിണറിനോടും ചേര്‍ന്ന് മാത്രമാണ് ചോരപ്പാടുകള്‍ കണ്ടെത്താനായത്. വരുന്ന വഴിയില്‍ ഒരു ചോരക്കറ കണ്ടെത്താനാകാത്തതും പോലീസിനെ കുഴക്കുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും മൊഴികളും തമ്മില്‍ പഠിച്ച ശേഷം മാത്രമേ അന്വേഷണ സംഘം അന്തിമ തീരുമാനം എടുക്കുകയുള്ളൂ. ഡോ. ശശികലയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here