‘എണ്ണവിലയുടെ വില്‍പ്പന നികുതി ജിഎസ്ടിയില്‍ കൊണ്ടുവരാത്തതിനു കാരണം തോമസ് ഐസക്കാണത്രേ!’; ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

എണ്ണവിലയുടെ വില്‍പ്പന നികുതി ജിഎസ്ടിയില്‍ കൊണ്ടുവരാത്തതിനു കാരണം തോമസ് ഐസക്കാണെന്നും അതിനാലാണ് വില കുറയ്ക്കാന്‍ കഴിയാത്തതുമെന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് തോമസ് ഐസിക്കിന്റെ മറുപടി.
ജിഎസ്ടി കൗണ്‍സിലില്‍ മഹാഭൂരിപക്ഷം കേന്ദ്രത്തിനും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കുമാണ്. ആകെയുള്ള 41 വോട്ടില്‍ ഒരു വോട്ട് മാത്രമാണ് തോമസ് ഐസക്കിനുള്ളത്. എന്നിട്ടും എണ്ണയുടെ നികുതി ജിഎസ്ടിലാക്കാന്‍ തോമസ് ഐസക് സമ്മതിക്കുന്നില്ലെന്ന തരത്തിലാണ് പ്രചരണങ്ങള്‍ നടത്തുന്നതെന്നും തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ജിഎസ്ടി നടപ്പിലാക്കലിനെ തുടര്‍ന്ന് ആസൂത്രണത്തിലും നിര്‍വഹണത്തിലും ഉടലെടുത്ത സകല പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്വം കേന്ദ്ര ഗവണ്‍മെന്റിനാണെന്നും എന്നാല്‍, എണ്ണയുടെ വില്‍പ്പന നികുതിയുടെ കാര്യം വരുമ്പോള്‍ ഈ സംഘബലം കാറ്റുപോയ ബലൂണ്‍ പോലെയാണെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
തന്നെ ഞെട്ടിച്ചു കളഞ്ഞ ഒരു വീരകേസരിയെക്കുറിച്ച് വികെഎൻ വക കഥയുണ്ട്. രത്നച്ചുരുക്കം പറയാം. വഴിയാത്രയിൽ വികെഎൻ ഒരാളെ പരിചയപ്പെടുന്നു. മലയാളത്തിൽ കഥകളൊക്കെ എഴുതാറുണ്ടെന്നു വെളിപ്പെടുത്തിക്കൊണ്ട് രണ്ടാമൻ സംഭാഷണം ആരംഭിച്ചു. സ്വന്തം പേരിലല്ല, എംടിയെന്ന പേരിലാണത്രേ കഥയെഴുത്ത്. യാത്രാവിവരണത്തിലും കൈവെച്ചിട്ടുണ്ട്. അതു പക്ഷേ, എസ്കെ പൊറ്റെക്കാട് എന്ന പേരിൽ. ഇവനാളു കൊള്ളാമല്ലോ എന്നു ചിന്തിക്കും മുമ്പ് ദാ വരുന്നു അടുത്ത വെളിപ്പെടുത്തൽ. മേപ്പടിയാൻ കവിതയും എഴുതും. അവയിലൊക്കെ പി കുഞ്ഞിരാമൻ നായർ എന്നാണ് പേരുവെച്ചിരിക്കുന്നത്. അവസാനം ആ സത്യവും വെളിപ്പെടുത്തി. ആൾ ഹാസ്യസാഹിത്യത്തിലും കൈവെച്ചിട്ടുണ്ട്. വികേയെൻ എന്ന പേരിൽ.
ഇത്രയുമായപ്പോൾ സാക്ഷാൽ വികെഎന്നിനു ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. താങ്കൾ ദൈവത്തെ കണ്ടിട്ടുണ്ടോ എന്നായി അദ്ദേഹം. ഇല്ലെന്ന് മറ്റേയാൾ. എങ്കിൽ അതു ഞാനാണെന്ന് വികേയെൻ.
കഥ അവിടെ തീർന്നെങ്കിലും ഒരു സംശയം ബാക്കി നിൽക്കുന്നു. ദൈവവും താനാണെന്ന് മറ്റേ യാത്രക്കാരൻ കേറി ഏറ്റിരുന്നെങ്കിലോ? വികെഎൻ പെട്ടുപോയേനെ. അത്രയുമൊരു വിനയം പ്രകടിപ്പിച്ചതിന് ആ പൊങ്ങച്ചക്കാരൻ സഹയാത്രികനോട് വികെഎൻ മനസാ നന്ദി പറഞ്ഞിരിക്കണം.
ഏതാണ്ട് ആ അവസ്ഥയിലാണ് ഞാനിപ്പോൾ. എണ്ണവിലയുടെ വിൽപന നികുതി ജിഎസ്ടിയിൽ കൊണ്ടുവരാത്തതിനു കാരണം തോമസ് ഐസക്കാണത്രേ. തോമസ് ഐസക്ക് സമ്മതിക്കുന്നില്ലത്രേ. അതുകൊണ്ടവർക്കു വില കുറയ്ക്കാൻ കഴിയുന്നില്ലത്രേ. വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ ഫോർവേഡുകൾ ഒഴുകി നടക്കുകയാണ്.
അണ്ഡകടാഹത്തിനുകീഴിൽ എന്തിനും ഏതിനും അധികാരമുള്ള സർക്കാരും പ്രധാനമന്ത്രിയും ബിജെപി നേതൃത്വവും. ജിഎസ്ടി കൌൺസിലിലും മഹാഭൂരിപക്ഷം കേന്ദ്രത്തിനും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും. മൊത്തം 41 വോട്ട്. അതിൽ ഒരു വോട്ടിന്റെ അധികാരമാണ് എനിക്കുള്ളത്. കേന്ദ്രഭരണവും, പതിനഞ്ചു സംസ്ഥാനങ്ങളിലെ അധികാരവും ബിജെപിയ്ക്ക്. മറ്റു നാലു സംസ്ഥാനങ്ങളിൽ ഭരണം ബിജെപി മുന്നണിയ്ക്ക്. പോരെങ്കിൽ, ഒരു നടപ്പാതിരയ്ക്ക് മുഴുവൻ കറൻസിയും നിരോധിച്ച് ജനതയെ മുഴുവൻ തെരുവിലിറക്കി വട്ടം കറക്കിയ വീരശിങ്കങ്ങളും. പക്ഷേ, എന്തുകാര്യം? എണ്ണയുടെ നികുതി ജിഎസ്ടിയിലാക്കാൻ തോമസ് ഐസക് സമ്മതിക്കുന്നില്ലല്ലോ!
ജിഎസ്ടിയുടെ നടപ്പിലാക്കലിനെ തുടർന്ന് ആസൂത്രണത്തിലും നിർവഹണത്തിനും ഉടലെടുത്ത സകല പ്രശ്നങ്ങളുടെയും ഉത്തരവാദിത്തം ഈ സംഘത്തിനും അവരുടെ അധികാരത്തിനുമാണ്. പക്ഷേ, എണ്ണയുടെ വിൽപന നികുതിയുടെ കാര്യം വരുമ്പോൾ ഈ സംഘബലം കാറ്റുപോയ ബെലൂൺ പോലെയാകും. തോമസ് ഐസക്കു കേറി വിലങ്ങു തടിയായി നിന്നാൽ വല്ലതും ചെയ്യാൻ പറ്റുമോ?
ആലോചിച്ചു നോക്കൂ. ഈ പരിവാർ സംഘത്തെ വെറും ഒരു വോട്ടുകൊണ്ടുകൊണ്ട് വരച്ചവരയിൽ നിർത്താൻ കഴിയുന്ന ഞാൻ ആരാണ്? ഒരു മഹാസംഭവം ആയിരിക്കാതെ വയ്യ. ആലോചിച്ചിട്ട് എനിക്കുതന്നെ തല കറങ്ങുന്നു.
ആരെങ്കിലും അൽപം വെള്ളം തരൂ….
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here