‘വിജയ് മല്യയുമായി രഹസ്യധാരണയുണ്ടായിരുന്നു’; അരുണ്‍ ജയ്റ്റ്‌ലി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി

ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളെ വഞ്ചിച്ച് നേടിയ വിജയ് മല്യ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി രഹസ്യ ധാരണയുണ്ടാക്കിയ ശേഷമാണ് രാജ്യം വിട്ടതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം ഉന്നയിച്ചത്.
താന്‍ ധനമന്ത്രിയെ കണ്ട ശേഷമാണ് ഇന്ത്യ വിട്ടതെന്ന മല്യയുടെ വെളിപ്പെടുത്തലില്‍ വ്യക്തമായ അന്വേഷണം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. മല്യയെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് മരവിപ്പിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യം വിടാന്‍ സഹായിച്ചത്. ഒളിച്ചോട്ടക്കാരനുമായി ധനമന്ത്രി സംസാരിച്ചുവെന്ന കാര്യം മല്യയുടെ വെളിപ്പെടുത്തലോടെ വ്യക്തമായി. വിഷയത്തില്‍ ജയ്റ്റ്‌ലിയും കേന്ദ്ര സര്‍ക്കാറും കള്ളം പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. തന്നെ വിജയ് മല്യ കണ്ട കാര്യം ജയ്റ്റ്‌ലി എന്തുകൊണ്ട് സിബിഐയോടും എന്‍ഫോഴ്‌സ്‌മെന്റിനോടും പറഞ്ഞില്ലെന്നും ഇത് തന്നെ അവര്‍ തമ്മിലുള്ള പരസ്പര ധാരണയുടെ തെളിവല്ലേ എന്നും രാഹുല്‍ ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here