Advertisement

വിട പറഞ്ഞത് തമാശയൊന്നും പറയാതെ തന്നെ നമ്മെ ചിരിപ്പിച്ച അതുല്യപ്രതിഭ

September 17, 2018
1 minute Read

ക്യാപ്റ്റൻ രാജു…ഇന്ത്യൻ ആർമിയിൽ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ച് വെള്ളിത്തിരയിലേക്ക് വന്ന താരം. വില്ലനും സ്വഭാവനടയുമായ തിളങ്ങിയ ക്യാപ്റ്റൻ രാജു തനിക്ക് ഹാസ്യവും അനായാസം വഴങ്ങുമെന്ന് കാണിച്ച അക്കാലത്തെ അപൂർവ്വം താരങ്ങളിൽ ഒരാളായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ വിവിധ ഭാഷകളിലായി 500 ഓളം ചിത്രങ്ങളിൽ ക്യാപ്റ്റൻ രാജു വേഷമിട്ടിട്ടുണ്ട്.

അഞ്ച് വർഷത്തോളം കരസേനയിൽ സേവനമനുഷ്ഠിച്ച ക്യാപ്റ്റൻ രാജുവിന്റെ അഭിനയജീവിതം തുടങ്ങുന്നത് നാടകങ്ങളിലൂടെയായിരുന്നു. മുംബൈയിലെ പ്രതിഭാ തിയേറ്റർ എന്ന നാടകസംഘത്തിലൂടെയാണ് അഭിനയരംഗത്തേക്കുറിച്ച് ക്യാപ്റ്റൻ രാജു പഠിക്കുന്നത്.

1981 ൽ പുറത്തിറങ്ങിയ രക്തം എന്ന ചിത്രമാണ് അദ്ദേഹം വേഷമിടുന്ന ആദ്യ സിനിമ. പിന്നീട് ജോൺ ജാഫർ ജനാർധനൻ, കൂലി, പൊൻതൂവൽ, കുരിശുയുദ്ധം, പ്രേമലേഖനം, അടിമകൾ ഉടമകൾ, ഒരു സിബിഐ ഡയറിക്കുറുപ്പ്, ഒരു വടക്കൻ വീരഗാഥ, നമ്പർ 20 മദ്രാസ് മെയിൽ, അദ്വൈതം, പുതുക്കോട്ടയിലെ പുതുമണവാളൻ, ദയ, സിഐഡി മൂസ, തുറുപ്പുഗുലാൻ, നസ്രാണി, ട്വന്റി 20, പഴശ്ശി രാജ, മുംബൈ പോലീസ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ മാസ്റ്റർപീസാണ് അവസാനചിത്രം.

തമിഴിൽ നല്ല നാൾ, ജല്ലിക്കട്ട്, ധർമ്മത്തിൻ തലൈവൻ, സൂര സംഹാരം, ജീവ, തുടങ്ങി പത്തോളം ചിത്രങ്ങളിൽ വേഷമിട്ടു. ശത്രുവു, റൗഡി അല്ലുഡു, ജെയ്‌ലർ ഗാരി അബ്ബായി, മാതോ പേട്ടുകൊക്കു എന്നിവയാണ് അദ്ദേഹത്തിന്റ തെലുങ്ക് ചിത്രങ്ങൾ. കഷ്മാകാശാണ് അദ്ദേഹം അഭിനയിച്ച ഹിന്ദി ചിത്രം. 1999 ൽ പുറത്തിറങ്ങിയ കോട്ടൺ മേരി എന്ന ഇംഗ്ലീഷ് ചിത്രത്തിലും ക്യാപ്റ്റൻ രാജു വേഷമിട്ടിട്ടുണ്ട്. കോട്ടൺ മേരിയിൽ ഇൻസ്‌പെക്ടർ രാംജി രാജായാണ് ക്യാപ്റ്റൻ രാജു വേഷമിട്ടിരിക്കുന്നത്.

സിനിമയ്ക്ക് പുറമെ മിനിസ്‌ക്രീൻ രംഗത്തും തിളങ്ങിയ വ്യക്തിയാണ് ക്യാപ്റ്റൻ രാജു. നിഴലുകൾ, ക്രൈംബ്രാഞ്ച്, പാണ്ടവപ്പട, അലാവുദ്ദീനും അത്ഭുതവിളക്കും, ഡ്രാക്കുള, മഹാത്മഗാന്ധി കോളനി, വല്ലാർപാടത്തമ്മ തുടങ്ങി പത്തിലധികം സീരിയലുകളിലും ക്യാപ്റ്റൻ രാജു അഭിനയിച്ചിട്ടുണ്ട്.

ആദ്യം സ്വഭാവ നടനായും വില്ലനായും തിളങ്ങിയ ക്യാപ്റ്റൻ രാജു നാടോടിക്കാറ്റ് എന്ന ചിത്രത്തിലൂടെയാണ് ഹാസ്യതാരമായി ജനമനസ്സുകളിൽ ഇടംപിടിക്കുന്നത്. തമാശയൊന്നും പറയാതെ തന്നെ ജനങ്ങളെ ചിരിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തെ മറ്റ് ഹാസ്യതാരങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നു.

നാടോടിക്കാറ്റിൽ ഒരു ‘പ്രൊപഷനൽ കില്ലർ’ ആയി വന്ന് കൊലപതാകത്തെ കുറിച്ച് പറയുമ്പോഴും പ്രേക്ഷകരിൽ ചിരിവിടർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. സിഐഡി മൂസയിലും സമാന രീതിയിൽ അദ്ദേഹം തിളങ്ങി. ‘സ്‌ട്രെയ്റ്റ് ഫേസ്’ കൊണ്ട് അഭിനയിച്ച് ജനങ്ങളെ ചിരിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ ശ്രമകരമായ ദൗത്യമാണ് വളരെ അനായാസമായി ക്യാപ്റ്റൻ രാജു നമുക്ക് മുന്നിൽ ചെയ്തത്. ഇത് തന്നെയാണ് അദ്ദേഹത്തെ അതുല്യനാക്കുന്നതും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top