ക്ഷേത്ര പുനരുദ്ധാരണ നിധിയിലേക്ക് ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിത പിരിവ് നടത്തില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.

ക്ഷേത്ര പുനരുദ്ധാരണ നിധിയിലേക്ക് ജീവനക്കാരിൽ നിന്ന് നിർബന്ധിത പിരിവ് നടത്തില്ലന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ജീവനക്കാർ നിർബന്ധമായും ഒരു മാസത്തെ ശമ്പളം നൽകണമെന്ന മുൻ ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവ്
ഇറക്കിയതായും ദേവസ്വം ബോർഡ് വ്യക്തമാക്കി. ഉത്തരവിന്റെ പകർപ്പും ഹാജരാക്കി.
നിർബന്ധിത പിരിവ് ചോദ്യം ചെയ്ത് ദേവസ്വം ജീവനക്കാരുടെ സംഘടന എംപ്ലോയീസ് ഫ്രണ്ട് സമർപ്പിച്ച ഹർജിയിലാണ് ബോർഡ് മുൻ ഉത്തരവ് പുതുക്കിയിറക്കിയത്. ബോർഡിന്റെ നടപടി രേഖപ്പെടുത്തിയ കോടതി കേസ് തീർപ്പാക്കി.
ജീവനക്കാരുടെ പെൻഷനും പി എഫ് നിക്ഷേപ നിധിയിൽ നിന്ന് കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ പണം വകമാറ്റരുതെന്നും കോടതി നിർദ്ദേശിച്ചു.
ശമ്പളം നിർബന്ധമായി പിടിക്കില്ലന്നും സാഹചര്യം കണക്കിലെടുത്ത് ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകണമെന്ന് ബോർഡ് പുതുക്കിയ ഉത്തരവിൽ അഭ്യർത്ഥിച്ചു. താൽപ്പര്യമുള്ളവർ സമ്മതപത്രം നൽകണമെന്നും പത്ത് ഗഡുക്കളായി നൽകാമെന്നും ഉത്തരവിൽ പറയുന്നു.
നിർബന്ധിത പിരിവിന് ബോർഡ് ഉത്തരവിറക്കിയത് കോടതിയുടെ വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു. സർക്കാർ തീരുമാനിച്ചതു പോലെ ദേവസ്വംജീവനക്കാരും ഒരു മാസത്തെ ശമ്പളം നൽകണമെന്നായിരുന്നു മുൻ ഉത്തരവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here