ഇതുവരെ വിവിധ ലൈംഗിക പീഡനക്കേസുകളിലായി കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത് 90 ബിഷപ്പുമാരെ ! ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

മതപണ്ഡിതൻമാരുടെ ലൈംഗിക ചൂഷണം രാജ്യത്ത് വർധിച്ചുവരികയാണ്. പുണ്യസ്ഥലങ്ങളായി നാം കാണുന്ന അമ്പലങ്ങൾ, ക്രൈസ്തവ-മുസ്ലീം പള്ളികൾ എന്നിവയെല്ലാം ഇന്ന് അനീതിയുടേയും അക്രമങ്ങളുടേയും ഇടങ്ങളായി മാറിയിരിക്കുന്നു. ദൈവത്തിന്റെ പ്രതിപുരുഷന്മാരായി കണ്ട പുരോഹിതരും ഇന്ന് അക്രമങ്ങൾക്ക് കൂട്ട് നിൽക്കുന്നു. മുമ്പ് ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിലായിരുന്നു ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇന്ന് കേരളത്തിലും സ്ഥിതി സമാനമാണ്. ഇതിൽ ഒടുവിലത്തേതാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റേത്. കന്യാസ്ത്രീയെ പലതവണ പീഡിപ്പിച്ചുവെന്നതാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കുറ്റം. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് രഖപ്പെടുത്തിയതോടെ ഇന്ത്യയിൽ പീഡനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആദ്യത്തെ ബിഷപ്പായി മാറി ഫ്രാങ്കോ മുളയ്ക്കൽ. ഇന്ത്യയിൽ ഒരു ബിഷപ്പ് കുറ്റാരോപിതനാകുന്നത് അപൂർവ്വ സംഭവമാണെങ്കിലും ലോകത്താകെ നിരവധി ബിഷപ്പുമാരാണ് സമാന കുറ്റകൃത്യങ്ങളിൽ ആരോപണ വിധേയരായിട്ടുള്ളത്.
ലോകത്തിതുവരെ ലൈഗീകാരോപണത്തിന് നടപടി നേരിടുന്ന ബിഷപ്പുമാരുടെ പട്ടികയിൽ 89 പേരാണുള്ളത്.
ഈ പട്ടികയിലാണ് ഇന്ത്യയ്ക്ക് അപമാനമായി ഫ്രാങ്കോ മുളയ്ക്കലിൻറെ പേരും ചേർക്കപ്പെട്ടിരിക്കുന്നത്. അമേരിക്ക, അർജൻറീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ജർമനി തുടങ്ങി 31 രാജ്യങ്ങളിലാണ് ഇത്തരത്തിൽ ലൈംഗീക പീഡന കേസുകളിൽ ബിഷപ്പുമാർ അന്വേഷണം നേരിടുന്നത്. ഏറ്റവും കൂടുതൽ ആരോപണവിധേയരുള്ളത് യുഎസിലാണ്. 34 പേരാണ് യു എസിൽ ലൈഗീകാരോപണം നേരിടുന്ന ബിഷപ്പുമാർ. പ്രായപൂർത്തിയാകാത്തവരെ ലൈംഗീകമായി ചൂഷണം ചെയ്ത് റെഡ് ലിസ്റ്റിലുള്ളത് 62 ബിഷപ്പുമാരാണ്. മുതിർന്നവരെ ലൈംഗിക ചൂഷണത്തിനിരയാക്കിയ 28 പേരുടെ ലിസ്റ്റിലാണ് ഫ്രാങ്കോ മുളയ്ക്കൽ ഉൾപ്പെട്ടിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായ് പീഡിപ്പിച്ച കേസിലാണ് ഭൂരിഭാഗം ബിഷപ്പുമാരും അന്വേഷണം നേരിടുന്നത്. പ്രകൃതി വിരുദ്ധ പീഡനവും ഇതിൽപെടും. പതിനൊന്നു വയസുകാരനായ ആൺകുട്ടിയെ ലൈഗീകമായി ഉപയോഗിച്ചെന്നാണ് യുഎസിൽ നിന്നുള്ള ബിഷപ്പ് ജുവാൻ എ ആർസൂബിനെതിരെയുള്ള കേസ്. മറ്റ് പുരോഹിതരെയും സെമിനാരി വിദ്യാർഥികളെയും പീഡിപ്പിച്ചതിന് അന്വേഷണം നേരിടുന്നയാളാണ് യുഎസിൽ നിന്നുതന്നെയുള്ള ബിഷപ്പ് തിയോഡർ.
നിരവധി പീഡനങ്ങൾ നടത്തി ഒടുവിൽ പിടിയിലായ ഓസ്‌ട്രേലിയയിൽ നിന്നുള്ള ബിഷപ്പാണ് ജോർജ് പെൽ. സെമിനാരി വിദ്യാർഥി ആയിരുന്നപ്പോൾത്തന്നെ 12 കാരനെ പീഡിപ്പിച്ച ബിഷപ്പ് ജോർജ് പെൽ ആരോപണം നിഷേധിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ബിഷപ്പാവുകയും വീണ്ടും കൊയർ സംഘത്തിലുള്ള കൗമാരക്കാരായ രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ചതിനെ തുടർന്ന് പിടിയിലാവുകയായിരുന്നു.
ഇക്കൂട്ടത്തിലേക്കാണ് ഒരു കന്യാസ്ത്രീയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലും എത്തിനിൽക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here