കന്യാസ്ത്രീകളുടേത് സമരകോലാഹലമെന്ന് കോടിയേരി ബാലകൃഷ്ണൻ; മാർപാപ്പ തള്ളിപ്പറഞ്ഞ ആളെയാണ് സിപിഎം സംരക്ഷിക്കുന്നതെന്ന് സമരസമിതി; സർക്കാർ ഇരയ്‌ക്കൊപ്പമെന്ന് ഇപി ജയരാജൻ

കന്യാസ്ത്രീകളുടെ സമരത്തിനുപിന്നിൽ ദുരുദ്ദേശമെന്ന് സിപി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമരകോലാഹലങ്ങളുണ്ടാക്കി പോലീസ് നടപടികൾ തടസ്സപ്പെടുത്തരുത്. ബിഷപ്പ് പ്രതിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
തെളിവെടുപ്പ് തടസപ്പെടുത്താനാണ് ശ്രമമെന്ന് കോടിയേരി ആരോപിക്കുന്നു. സർക്കാർ ഇരയ്‌ക്കൊപ്പമാണ്. സി. പി.എമ്മിനെ ആക്രമിക്കാൻ തക്കംപാർത്തിരിക്കുന്ന ചിലരാണ് ഇതിനു പിന്നിലുള്ളതെന്നും കോടിയേരി പറഞ്ഞു.
കോടിയേരിക്ക് മറുപടിയുമായി സമരസമിതി രംഗത്തെത്തിയിട്ടുണ്ട്. സമരചരിത്രം സിപിഎം മറക്കരുതെന്ന് സമരസമിതി കൺവീനർഫാദർ അഗസ്റ്റിൻ വട്ടോളി പറഞ്ഞു. മാർപാപ്പ തള്ളിപ്പറഞ്ഞ വ്യക്തിയെയാണ് സിപിഎം സംരക്ഷിക്കാൻ ശ്രമിക്കുന്നത്. പ്രസ്താവന അങ്ങേയറ്റം വേദനാജനകമാണെന്നും സമരസമിതി അംഗങ്ങൾ പ്രതികരിച്ചു.
അതേസമയം, സർക്കാർ ഇരയ്‌ക്കൊപ്പം ആണെന്നും അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ട് പോകുന്നുണ്ടെന്നും മന്ത്രി ഇപി ജയരാജൻ പറഞ്ഞു. കോടിയേരിയുടെ അഭിപ്രായത്തെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here