വിദേശയാത്രയ്ക്കായി പ്രധാനമന്ത്രി ചെലവഴിച്ചത് 378 കോടി!; കണക്കുകള്‍ പുറത്ത്

വിദേശയാത്രകളുടെ പേരിൽ നിരന്തരമായി പ്രതിപക്ഷത്തിന്റെ വിമർശനം ഏറ്റുവാങ്ങുന്ന പ്രധാനമന്ത്രിയുടെ നാല് വർഷത്തെ യാത്രാചെലവ് പുറത്ത് വന്നു. അധികാരത്തിലേറിയത് മുതൽ കഴിഞ്ഞവർഷം അവസാനം വരെ 378 കോടിയാണ് രാജ്യം പ്രധാനമന്ത്രിയുടെ വിദേശയാത്രയ്ക്കായി വിമാനക്കൂലി ഇനത്തിൽ ചെലവാക്കിയത്. നാൽപ്പത്തിനാല് വിദേശയാത്രകളാണ് ഈ കാലയളവിൽ പ്രധാനമന്ത്രി നടത്തിയത്.
ഇതിൽ രാജ്യത്ത് ഇപ്പോൾ ഏറെ വിവാദമായിരിക്കുന്ന റാഫേൽ ഇടപാട് ഉറപ്പിക്കുന്നതിനായി ഫ്രാൻസിലേക്ക് യാത്ര ചെയ്തതിന് 31.26 കോടിയാണ് രാജ്യം ചെലവാക്കിയത്. ഈ യാത്രയിൽ പ്രധാനമന്ത്രി ഫ്രാൻസിന് പുറമേ ജർമ്മനി,കാനഡ തുടങ്ങിയ രാജ്യങ്ങളും സന്ദർശിച്ചിരുന്നു. ഇപ്പോൾ പുറത്ത് വന്ന തുകയിൽ ഈ വർഷം നരേന്ദ്ര മോദിയുടെ വിദേശയാത്രാ ചെലവ് ഉൾപ്പെട്ടിട്ടില്ല. ഈ വർഷം ഏഴ് രാജ്യങ്ങൾ ഇത് വരെ മോദി സന്ദർശിച്ചിരുന്നു.
അടുത്ത മാസം പ്രധാനമന്ത്രി നേപ്പാള്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ്. അധികാരത്തിലെത്തിയ ശേഷം ഇത് നാലാം തവണയാണ് മോദി നേപ്പാള്‍ സന്ദര്‍ശനം നടത്തുന്നത്. ഇപ്പോഴത്തെ യാത്രയുടെ ലക്ഷ്യം പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here