സാമ്പത്തിക അസമത്വം കൂടുന്നു; അതിസമ്പന്നരുടെ എണ്ണത്തില്‍ 35% വര്‍ധന

അതിസമ്പന്നരുടെ എണ്ണത്തില്‍ ഒരു വര്‍ഷം കൊണ്ടുണ്ടായത് 35% വര്‍ധനയെന്ന് ബാര്‍ക്ലേയ്‌സിന്റെ ഹുറൂണ്‍ ഇന്ത്യാ റിച്ച് ലിസ്റ്റ് പറയുന്നു. 3.71 ലക്ഷം കോടിയുടെ ആസ്തിയോടെ മുകേഷ് അംബാനി തന്നെയാണ് രാജ്യത്തെ ഒന്നാം നമ്പര്‍ സമ്പന്നന്‍. തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ ഒന്നാം റാങ്ക് നിലനിര്‍ത്തുന്നത്.
1000 കോടിക്ക് മേല്‍ ആസ്തിയുള്ളവരുടെ എണ്ണത്തിലാണ് വര്‍ധന. പോയ വര്‍ഷം 617 പേരായിരുന്നു ഈ വിഭാഗത്തില്‍. ഈ പട്ടികയില്‍ പുതിയതായി എത്തിയത് 214 പേര്‍ കൂടിയാണ്. ഇതോടെ പട്ടികയില്‍ 831 പേരായി.
മൂലധന വിപണിയിലെ കയറ്റവും, ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 7% ഇടിവുണ്ടായതും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ അതിസമ്പന്നരുടെ എണ്ണത്തിലുള്ള വര്‍ധന രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ധിക്കുന്നുവെന്ന സൂചന തന്നെയാണ് നല്‍കുന്നത്.
831 അതിസമ്പന്നരുടെ മൊത്തം ആസ്തി 71,900 കോടി ഡോളറാണ്. ഇത് രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ നാലിലൊന്നു വരും. 2,84800 കോടി ഡോളറാണ് രാജ്യത്തെ ജിഡിപി. ഒന്നാമത്തെ സമ്പന്നനായ മുകേഷ് അംബാനിയുടെ സ്വത്തില്‍ പ്രതിദിനമുണ്ടായത് 300 കോടി രൂപയുടെ വര്‍ധനയാണ്. റിലയന്‍സിന്റെ ഓഹരിവിലയിലുണ്ടായത് 47% ഉയര്‍ച്ചയും. പെട്രോകെമിക്കല്‍സിന്റെയും, റിലയന്‍സ് ജിയോയുടെയും വിജയത്തോടെ കമ്പനിയുടെ ഓഹരിവില കുതിച്ചുയരുകയായിരുന്നു.
1.59 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി എസ് പി ഹിന്ദുജയും കുടുംബവുമാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ലക്ഷ്മി മിത്തല്‍ കുടുംബം 1.14 ലക്ഷം കോടിയുടെ ആസ്തിയുമായി മൂന്നാം സ്ഥാനത്തുണ്ട്. ബൈജുസ് എഡ്യുക്കേഷന്‍ പ്ലാറ്റ്‌ഫോം ഉടമസ്ഥന്‍ ബൈജു രവീന്ദ്രന്റെ ആസ്തി ഇരട്ടിയായിട്ടുണ്ട്. 3,300 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി.
40 വയസില്‍ താഴെയുള്ള അതിസമ്പന്നരിലെ ബേബി ഓയോ റൂംസ് ഉടമ റിതേഷ് അഗര്‍വാളാണ്. 2,600 കോടിയാണ് റിതേഷിന്റെ ആസ്തി. ഈ വിഭാഗത്തിലെ ഏക വനിത ഔട്ട്കം ഹെല്‍ത്ത് മേധാവി ശ്രദ്ധാ അഗര്‍വാളാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here