ഭിന്നാഭിപ്രായവുമായി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര; നിരീക്ഷണങ്ങള്‍ ഇങ്ങനെ

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ചരിത്രവിധി പുറപ്പെടുവിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ സ്ത്രീപ്രവേശനത്തെ എതിര്‍ത്തത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രം. മറ്റ് നാല് അംഗങ്ങളും ഒരേ അഭിപ്രായത്തില്‍ വിധി പുറപ്പെടുവിക്കുകയായിരുന്നു. ആഴത്തിലുള്ള വിശ്വാസങ്ങളില്‍ കോടതി ഇടപെടേണ്ട ആവശ്യമില്ലെന്നായിരുന്നു ഇന്ദു മല്‍ഹോത്രയുടെ നിരീക്ഷണം. അയ്യപ്പ വിശ്വാസികളെ പ്രത്യേക മതവിഭാഗമായി കാണണം. വിശ്വാസത്തില്‍ യുക്തിപരമല്ലാത്ത കാര്യങ്ങളും ഉണ്ടായെന്ന് വരാം. സ്ത്രീകള്‍ക്ക് കയറാന്‍ അനുവാദം നല്കിയാല് അത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നുമായിരുന്നു ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിരീക്ഷണം.
വിശ്വാസിളുടെ വികാരത്തില്‍ സുപ്രീംകോടതിയ്ക്ക് ഇടപെടാനാകില്ലെന്നാണ് ഇന്ദു മല്‍ഹോത്ര തന്റെ വിധി പ്രസ്താവത്തില്‍ കുറിച്ചത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 26 പ്രകാരം ശബരിമല ക്ഷേത്രത്തിനും ആരാധനയ്ക്കും സംരക്ഷണം ഉറപ്പ് നല്‍കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, മുസ്ലീം വിഭാഗക്കാര്‍ റമദാന് നോമ്പ് നോല്ക്കുമ്പോള് അവരെയും പ്രത്യേകവിഭാഗമായി കണക്കാക്കാന്‍ കഴിയുമോയെന്ന് ജസ്റ്റിസ് ആര് എഫ് നരിമാന് ചോദിച്ചു. കഠിനവ്രതവും ആചാരക്രമങ്ങളും ഉള്ളത് കൊണ്ട് മാത്രം ഒരു വിഭാഗത്തിനും മതത്തിനുള്ളിലെ പ്രത്യേകവിഭാഗമെന്ന പരിഗണന നല്കാന് സാധിക്കില്ല. പ്രത്യേകവിഭാഗമെന്ന പദവിയുണ്ടെങ്കില്‍ മാത്രമേ അതിന്റെ പേരിലുള്ള ആചാരങ്ങള്‍ക്ക് നിലനില്പ്പുള്ളുവെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിച്ചു. ഏതെങ്കിലും ഒരു ദൈവത്തെയോ പ്രതിഷ്ഠയെയോ ആരാധിക്കുന്നവരെ പ്രത്യേകവിഭാഗമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും അഭിപ്രായപ്പെട്ടു. ഭരണഘടനാപരമായ നിര്‍വചനം അനുസരിച്ചുള്ള വിഭാഗമായ സ്ത്രീകളെ ‘പ്രത്യേകപ്രായത്തിലുള്ള സ്ത്രീകള്‍’- എന്ന് വീണ്ടും ഉപവര്ഗീകരിക്കുന്നത് ശരിയാണോന്ന വസ്തുത പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here