പ്രളയബാധിതര്‍ക്ക് അരയേക്കര്‍ സ്ഥലം വിട്ടുനല്‍കി വിമുക്തഭടന്‍

ജില്ലയില്‍ പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിന് തനിക്ക് സ്വന്തമായുള്ള ഒന്നര ഏക്കര്‍ സ്ഥലത്തില്‍ അരയേക്കര്‍ നല്‍കുന്നതിന് സമ്മതമറിയിച്ച് വിമുക്തഭടന്‍ മാതൃകയായി. റാന്നി ചെല്ലക്കാട് സ്വദേശിയായ വാഴക്കുന്നത്ത് വി.പി.ചാക്കോയാണ് സ്ഥലം വിട്ടുനല്‍കുന്നതിനുള്ള സമ്മതപത്രം ഇന്നലെ കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ പി.ബി.നൂഹിന് കൈമാറിയത്. കഴിഞ്ഞ ദിവസം പ്രളയബാധിതരെ സഹായിക്കുന്നതിനായി തിരുവല്ലയിലുള്ള ഒരു കുടുംബം കോന്നിയില്‍ 1.24 ഏക്കര്‍ സ്ഥലം വിട്ടുനല്‍കിയിരുന്നു. ഇതു സംബന്ധിച്ച് മാധ്യമങ്ങളിലെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സ്ഥലം വിട്ടുനല്‍കുന്നതിന് പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു. ഉടന്‍തന്നെ സ്ഥലത്തിന്റെ ആധാരവും ബന്ധപ്പെട്ട രേഖകളുമായി പ്രായത്തിന്റെ അവശതകളെ അവഗണിച്ചാണ് ചാക്കോ കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ക്ക് സമ്മതപത്രം കൈമാറിയത്.
പ്രളയബാധിതരെ സഹായിക്കുന്നതിന് ഭൂമി വിട്ടുനല്‍കുന്നതിന് ജില്ലയില്‍ വന്‍പ്രതികരണമാണ് ലഭിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇതിനോടകം ഭൂമി വിട്ടുനല്‍കുന്നതിന് നിരവധി പേര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 1.75 ഏക്കറോളം സ്ഥലം പ്രളയബാധിതര്‍ക്ക് നല്‍കുന്നതിന് ലഭ്യമാക്കുന്നതിനുള്ള സമ്മതപത്രം ലഭിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here