‘പതറിയെങ്കിലും മുട്ടുമടക്കിയില്ല!’; ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച ഇന്ത്യയ്ക്ക് ഏഴാം കിരീടം

ഏഷ്യയിലെ വമ്പന്‍മാര്‍ തങ്ങള്‍ തന്നെയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരിക്കല്‍ കൂടി തെളിയിച്ചു. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ എതിരാളികളായ ബംഗ്ലാദേശിനെ 3 വിക്കറ്റിന് തോല്‍പ്പിച്ച് ഏഴാം കിരീടം ഇന്ത്യ സ്വന്തമാക്കി. കന്നി കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ബംഗ്ലാദേശിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ പതറിയെങ്കിലും അവസാനം പരിക്കുകളില്ലാതെ ഇന്ത്യ രക്ഷപ്പെടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്റെ 222 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 50 ഓവറിന്റെ അവസാന പന്തില്‍ 7 വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.
ഇന്നിംഗ്‌സിന്റെ അവസാന പന്തിലാണ് ലോക രണ്ടാം നമ്പര്‍ ടീമായ ഇന്ത്യ ഏഴാം സ്ഥാനത്തുള്ള ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. 55 പന്തുകളില്‍ നിന്ന് 48 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദിനേശ് കാര്‍ത്തിക് 37 റണ്‍സും എം.എസ് ധോണി 36 റണ്‍സും നേടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. പരിക്കിനെ തുടര്‍ന്ന് 19 റണ്‍സുമായി കേദാര്‍ ജാദവ് ബാറ്റിംഗ് പൂര്‍ത്തിയാക്കാതെ മടങ്ങി. പിന്നീട് വന്ന രവീന്ദ്ര ജഡേജയും ഭുവനേശ്വര്‍ കുമാറും സാവധാനം ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ജയിക്കാന്‍ 11 റണ്‍സ് മാത്രം വേണ്ടിയിരിക്കേ ജഡേജയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. 33 പന്തില്‍ നിന്ന് 23 റണ്‍സുമായാണ് ജഡേജ കൂടാരം കയറിയത്. അതിന് പിന്നാലെ 31 പന്തില്‍ നിന്ന് 21 റണ്‍സുമായി ഭുവനേശ്വര്‍ കുമാറും മടങ്ങി. വിജയം തുലാസിലാകുമെന്ന സാഹചര്യത്തില്‍ പരിക്ക് മൂലം ബാറ്റിംഗ് പൂര്‍ത്തിയാക്കാതെ മടങ്ങിയ കേദാര്‍ ജാദവിനെ ഇന്ത്യ മടക്കി വിളിച്ചു. എട്ടാമനായി കുല്‍ദീപ് യാദവാണ് ക്രീസിലെത്തിയത്.
അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ആറ് പന്തില്‍ നിന്ന് ആറ് റണ്‍സ്! അവസാന ഓവര്‍ എറിയാനെത്തിയ മഹ്മദുള്ളയുടെ ആദ്യ രണ്ട് പന്തുകളില്‍ ഇന്ത്യ സിംഗിള്‍ നേടി. മൂന്നാമത്തെ പന്തില്‍ രണ്ട് റണ്‍സ് നേടി വിജയത്തിന് തൊട്ടരികില്‍ എത്തി. എന്നാല്‍, നാലാം പന്തില്‍ റണ്‍സ് നേടാന്‍ സാധിച്ചില്ല. അഞ്ചാം പന്തില്‍ സിംഗിള്‍ സ്വന്തമാക്കി മത്സരം സമനിലയിലെത്തിച്ച ഇന്ത്യ ഇന്നിംഗ്‌സിന്റെ അവസാന പന്തിലാണ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. നാടകീയമായ അവസാന ഓവറിന്റെ അന്ത്യത്തില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് വിജയം സ്വന്തമാക്കുകയായിരുന്നു. 23 റണ്‍സുമായി കേദാര്‍ ജാദവും അഞ്ച് റണ്‍സുമായി കുല്‍ദീപ് യാദവും പുറത്താകാതെ നിന്നു.
മുഷ്ഫിഖര്‍ റഹ്മാന്‍, റൂബല്‍ ഹൊസൈന്‍ എന്നിവര്‍ ബംഗ്ലാദേശിന് വേണ്ടി രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
നേരത്തെ, ടോസ് ലഭിച്ച ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. 48.3 ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ 222 റണ്‍സ് തികഞ്ഞപ്പോള്‍ ബംഗ്ലാദേശിന്റെ അവസാന വിക്കറ്റ് നഷ്ടമായി. ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ഓപ്പണര്‍ ലിട്ടണ്‍ ദാസ് നല്‍കിയത്. ആദ്യ 20 ഓവറില്‍ കളി പൂര്‍ണമായും ബംഗ്ലാദേശിന്റെ കൈകളിലായിരുന്നു. 117 പന്തില്‍ നിന്ന് 121 റണ്‍സാണ് ലിട്ടണ്‍ അടിച്ചുകൂട്ടിയത്. പരീക്ഷണ ഓപ്പണറായി ക്രീസിലെത്തിയ മെഹദി ഹസന്‍ 32 റണ്‍സ് നേടി ലിട്ടണ് മികച്ച പിന്തുണ നല്‍കി.
20.5 ഓവറില്‍ ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോള്‍ സ്‌കോര്‍ 120 ല്‍ എത്തിയിരുന്നു. എന്നാല്‍, പിന്നീടങ്ങോട്ട് ലിട്ടണ്‍ ദാസിന്റെ പ്രകടനം മാത്രമാണ് ബംഗ്ലാദേശിന് ആശ്വസിക്കാന്‍ വക നല്‍കിയത്. കരിയറിലെ ആദ്യ സെഞ്ച്വറി നേടിയ ലിട്ടണ്‍ 12 ഫോറുകളും 2 സിക്‌സറുകളും അടക്കമാണ് 121 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചത്. ലിട്ടണ്‍ പുറത്തായ ശേഷം ബംഗ്ലാദേശിന്റെ സ്‌കോര്‍ ബോര്‍ഡ് ശുഷ്‌കിച്ചു. മികച്ച സ്‌കോറിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ബംഗ്ലാ കടുവകളെ പിടിച്ചുകെട്ടി. കുല്‍ദീപ് ജാദവ് 45 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ കേദാര്‍ ജാദവ് രണ്ട് വിക്കറ്റുകള്‍ നേടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here