പി.സി ജോര്‍ജ് എംഎല്‍എക്കെതിരെ കേസെടുത്തു

കന്യാസ്ത്രീയെ അധിക്ഷേപിച്ച കേസില്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിനെതിരെ കേസെടുത്തു. പീഡനക്കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച കേസിലാണ് നടപടി.
കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കന്യാസ്ത്രീയെ അധിക്ഷേപിച്ച് പി.സി ജോര്‍ജ് സംസാരിച്ചത്. ഐ.പി.സി 509 വകുപ്പനുസരിച്ച് കുറുവിലങ്ങാട് പോലീസാണ് കേസെടുത്തിരിക്കുന്നത്. കന്യാസ്ത്രീയെ അപമാനിച്ചതിനുള്ള തെളിവുകള്‍ ലഭിച്ചിരുന്നെങ്കിലും എം.എല്‍.എ ആയതിനാല്‍ നിയമോപദേശം തേടിയിരുന്നു.
വാര്‍ത്താ സമ്മേളനത്തില്‍ കന്യാസ്ത്രീയെ അധിക്ഷേപിക്കുന്നതിനുള്ള തെളിവുകള്‍ ഉള്ളതിനാല്‍ കേസെടുക്കുന്നതില്‍ തെറ്റില്ലെന്ന് നിയമോപദേശം ലഭിച്ചു. തുടര്‍ന്നാണ് കേസെടുത്തത്. ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്. കടുത്തുരുത്തി സി.ഐയുടെ നേതൃത്വത്തിലായിരുന്നു പ്രാഥമിക അന്വേഷണം നടത്തിയിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here